സാമ്പിൾ / Free sample

കറുത്ത കുർബാന

അജിത് ജേക്കബ്

അധ്യായം 1 1974ഡിസംബർ മാസത്തിലെ ഇടുക്കിയിലെ  തണുപ്പ് മൂടിയ പ്രഭാതം, ഉപ്പുകുന്നു സെന്റ് സെബാസ്ത്യാനോസ് ചർച്ചിലെ വികാരിയച്ചന്റെ സുന്ദരമായ മുഖം ആകെ കലുഷിതമായിരുന്നു. കുറച്ചു ദിവസങ്ങളായുള്ള ഉറക്കമില്ലായ്മ അദേഹത്തിന്റെ കണ്ണുകളെ  വലിയൊരു കുഴിയിലേക്ക് തള്ളിവിട്ടിരുന്നു. പള്ളിമേടയുടെ ഇരുമ്പഴികൾക്കിടയിലൂടെ പായുന്ന ഫാദർ വിൻസന്റിന്റെ കണ്ണുകൾ പള്ളി മുറ്റത്തെ പ്രഭാത കാഴ്ചകളിൽ അലഞ്ഞു നടക്കുകയായിരുന്നു. ഉദയസൂര്യന്റെ കിരണങ്ങൾ ഉപ്പുകുന്ന് സെന്റ് സെബാസ്റ്റ്യൻ ചർച്ചിന് ചുറ്റും നിന്നിരുന്ന യൂക്കാലിപ്റ്റസ് മരച്ചില്ലകളിലേ മഞ്ഞുതുള്ളികളെ സ്വർണവർണ്ണമണിയിക്കാൻ തുടങ്ങിയിരിക്കുന്നു. പള്ളിമുറ്റത്ത് തീർത്തിരിക്കുന്ന പുൽക്കൂടിന്  മുൻപിലെ  മുളന്തണ്ടിൽ തീർത്ത നക്ഷത്രത്തിനുള്ളിലെ മൺചിരാതിൽ നിന്നുയർന്ന കറുത്ത പുക നക്ഷത്രത്തിന്റെ വർണക്കടലാസുകൾക്ക് കറുത്ത ചായം നൽകിയിരുന്നു. പ്രഭാത കുർബാന സ്വീകരിക്കാൻ ഉപ്പുകുന്നു പള്ളിയെ ലക്ഷ്യമാക്കി കൊണ്ട് ഒറ്റയ്ക്കും കൂട്ടമായും ഇടവകയിലെ അനേകം വിശ്വാസികൾ എത്തിക്കൊണ്ടിരുന്നു. നടമണിയുടെ ശബ്ദം മുഴങ്ങി... വീശിയടിക്കുന്ന കോടമഞ്ഞിനെ ഭക്തിസാന്ദ്രമാക്കികൊണ്ട് ഗായകരുടെ മനോഹര ശബ്ദങ്ങൾ ഉയർന്നു തുടങ്ങി. തന്റെ കണ്ണുകൾ കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചകളും, ചെവിയിൽ പതിഞ്ഞു കൊണ്ടിരിക്കുന്ന ശബ്ദങ്ങളും അദ്ദേഹത്തിന്റെ തലച്ചോറിൽ മതിഭ്രമത്തിന്റെ നിഴലുകൾ സൃഷ്ടിക്കാൻ തുടങ്ങിയിട്ട് ഒരുപാട് സമയമായിരിക്കുന്നു. “അച്ചോ, കാപ്പി” കയ്യിൽ ആവി പറക്കുന്ന കാപ്പിയുമായി വാതിൽക്കൽ പ്രത്യക്ഷപ്പെട്ട കുശിനിക്കാരൻ പത്രോന്റെ പരുക്കൻ ശബ്ദം ഫാദർ വിൻസെന്റിന്റെ  മുഖത്ത് ഒരു ഞെട്ടലുളവാക്കി. മനസ്സിൽ നിറഞ്ഞു നിന്നിരുന്ന കറുത്ത ചിന്തകളായിരുന്നു അതിനു കാരണം. സ്വപ്നത്തിൽ നിന്നുണർന്നപോലെ അദ്ദേഹം പത്രോന്റെ നേരെ നോക്കി. വികാരിയച്ചന്റെ മുഖത്തെ തേജസ്സില്ലായ്മ കുശിനിക്കാരന്റെ നെറ്റിയിൽ ചുളിവുകൾ വീഴ്ത്തി. “എന്നതാ അച്ചോ മുഖം വല്ലാണ്ടിരിക്കുന്നത്, സുഖമില്ലെ?” പത്രോന് മറുപടി കിട്ടിയില്ല, ഫാദർ വിൻസന്റിന്റെ കണ്ണുകൾ വീണ്ടും പള്ളിമുറ്റത്തെ കാഴ്ചകളിലേക്ക്  പാഞ്ഞു. കയ്യിലിരുന്ന ചക്കരക്കാപ്പി, സമീപത്തെ മേശയിൽ വെച്ചതിന് ശേഷം, അച്ചന്റെ പ്രവൃത്തികൾ നിരീക്ഷിച്ച പത്രോൻ തല ചൊറിഞ്ഞു കൊണ്ട് തുടർന്നു. “എന്നാ തണുപ്പാ അച്ചോ, ചൂട് പോകുന്നതിനു മുൻപ് ഈ കാപ്പിയങ്ങ് കുടിക്കെന്നേ,” കോപത്തോടെയാണ് വിൻസെന്റച്ചൻ പിന്തിരിഞ്ഞത്. “താൻ തന്റെ പാട് നോക്കി പോകുന്നുണ്ടോ...” അച്ചന്റെ ശബ്ദമുയർന്നതു പത്രോനെ അമ്പരിപ്പിച്ചു. “ഇത് എന്നാ കൂത്താ...” പത്രോൻ പിറുപിറുത്തു കൊണ്ട് പിന്തിരിയാൻ ഭാവിച്ചപ്പോൾ പള്ളിമേടയുടെ വാതിലിൽ ആരോ മുട്ടുന്ന ശബ്ദം ഉയർന്നു. ആരെയോ പ്രതീക്ഷിച്ചിരുന്ന പോലെ ഫാദർ വിൻസെന്റിന്റെ കണ്ണുകൾ തിളങ്ങി. വാതിൽ തുറക്കാനായി നടക്കാനാഞ്ഞ പത്രോനെ പിന്നിലാക്കി അദ്ദേഹം മുൻപോട്ട് കുതിച്ചു. അച്ചന്റെ അസാധാരണമായ പെരുമാറ്റം പത്രോന്റെ മുഖത്ത് സംശയം ജനിപ്പിച്ചിരുന്നു. വാതിലിന് വെളിയിൽ വെളുക്കെ ചിരിച്ചു കൊണ്ട് നിൽക്കുന്ന കപ്യാരു വറീതിനെ കണ്ടപ്പോൾ  ഫാദർ വിൻസെന്റിന്റെ മുഖം ചുളിഞ്ഞു. തന്നെ കണ്ടതും അച്ചന്റെ മുഖം വാടുന്നത് കണ്ടപ്പോൾ കപ്യാര് വറീതിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു. വറീതിന്റെ മുഖത്ത് നിന്നും കണ്ണുകൾ പറിച്ച ഫാദർ വിൻസെന്റ് മേശയിലിരുന്ന കാപ്പി കപ്പ് കയ്യിലെടുത്തു. അദ്ദേഹത്തിന്റെ കണ്ണുകൾ വീണ്ടും പള്ളിമേടയുടെ ഇരുമ്പഴികൾക്കിടയിലൂടെ  ഉപ്പുകുന്നു ചർച്ചിന്റെ മുറ്റത്തെ കാഴ്ചകളിലേക്ക് പാഞ്ഞു. വറീതു പത്രോന്റെ നേരെ നോക്കി കണ്ണുകൾ ചലിപ്പിച്ചു. “ആ, എനിക്കറിയാൻ പാടില്ല.. കാലത്ത് തുടങ്ങിയ പ്രാന്താ, നീ  അങ്ങേരോടു തന്നെ ചോദിച്ചു മനസ്സിലാക്ക്.” പത്രോൻ ശബ്ദം താഴ്ത്തിപ്പറഞ്ഞുകൊണ്ട് വെളിയിലേക്കിറങ്ങി പോയി. ഭിത്തിയിൽ തൂങ്ങി കിടന്ന ഘടികാരം  ആറ് വട്ടം മുഴങ്ങി. കപ്യാരു വറീത്, അച്ചനരികിൽ എത്തി. “ഇത് എന്നാ ഒരു നിൽപ്പാ അച്ചോ,  എന്നാ പറ്റി?” അച്ചൻ മുഖമുയർത്തി വറീതിനെ നോക്കി. “സമയം ആറായി അച്ചോ, ളോഹപോലും മാറിയിട്ടില്ലല്ലോ, കുർബാന തുടങ്ങണ്ടായോ?” “വറീത്  പള്ളിയിലേക്ക് പൊയ്ക്കോളൂ, കുർബ്ബാനക്കിനിയും അരമണിക്കൂർ കൂടിയില്ലേ..ഞാനെത്തിക്കൊള്ളാം.” അദ്ദേഹത്തിന്റെ ശബ്ദം നേർത്തിരുന്നു. നിർന്നിമേഷനായി അച്ചനെ ഒരിക്കൽ കൂടി നോക്കിയിട്ട് വറീത് പുറത്തേക്കിറങ്ങി. പള്ളിമേടയുടെ മുറ്റത്തെ പൂന്തോട്ടത്തിലെ ചെടികളെ നനച്ചു കൊണ്ടിരുന്ന പത്രോന്റെ അരികിലാണ് വറീതിന്റെ കാല്പദനം നിശ്ചലമായത്.

End of sample

Read the whole book

Order on WhatsApp — ₹360
← Back to the book · full details