സാമ്പിൾ / Free sample
അമയ
പ്രശാന്ത് പ്രതാപ് കൈപ്പള്ളി
അമയ - എന്റെ ആമി
ചെന്നൈ. പലപ്പോഴും ഞാൻ എന്നെത്തന്നെ മറന്നു പോകുന്ന തിരക്കുകളുടെ വലിയ തിരമാലകളായിരുന്നു അവിടുത്തെ ഓരോ ദിവസവും.
ബിരുദാനന്തര ബിരുദം കഴിഞ്ഞ് ജോലി കിട്ടിയത് ചെന്നൈയിലെ ഒരു ഐറ്റി കമ്പനിയിലായിരുന്നു. ഓഫീസ്സിൽ നിന്ന് ഫ്ലാറ്റിലേയ്ക്കും ഫ്ലാറ്റിൽ നിന്ന് ഓഫീസിലേയ്ക്കുമുള്ള യാത്രകളിൽ ജീവിതം അവസാനിച്ചു കൊണ്ടിരുന്നു. കഴുതയെപോലെ പണിയെടുക്കുക,അതിനുള്ള കൂലി വാങ്ങിക്കുക,വീണ്ടും പണിയെടുക്കുക. ആ വട്ടത്തിനുള്ളിൽ ഞാൻ അറിയാതെ പെട്ടുപോവുകയായിരുന്നു. ആകെ കിട്ടുന്ന ഞായറാഴ്ചകളിൽ കുംഭകർണ്ണൻപോലും തോറ്റുപോകുന്ന ഉറക്കങ്ങളായിരുന്നു കൂട്ട്.അല്ലാതെ വേറെന്ത് ചെയ്യാൻ. ഒരു വർഷം മുൻപുള്ള എന്നെവെച്ച് ഇപ്പോഴത്തെ എന്നെ താരതമ്യം ചെയ്താൽ, കാടക്കോഴിയും പാലക്കാടൻ കോഴിയും തമ്മിലുള്ള വ്യത്യാസം പോലിരിക്കും. ഞാൻ ഉദ്ദേശിച്ചത് കോഴിസ്വഭാവമല്ല. വലുപ്പത്തിന്റെ കാര്യാ. നല്ലപോലെ തടിച്ചിരിക്കുന്നു. ചുരുക്കത്തിൽ പറഞ്ഞാൽ I am fed up with my life. കുറച്ചൂടെ വ്യക്തമായി മലയാളത്തിൽ പറഞ്ഞാൽ ‘ജനിച്ചു പോയത് കൊണ്ടും, മരിക്കാൻ പേടിയായത് കൊണ്ടും അങ്ങനെയങ്ങ് ജീവിച്ചുപോണു.’
“Hai sharan...how are you?” ആറുവർഷം. ആറുവർഷങ്ങൾക്ക് ശേഷമാണ് അവളുടെ ഒരു മെസ്സേജ് എന്നിലേയ്ക്ക് വരുന്നത്. മുൻപ് ഒരുപാട് വട്ടം സോഷ്യൽ മീഡിയയിൽ അവളുടെ പ്രൊഫൈൽ കണ്ടപ്പോഴൊക്കെ മുഖംതിരിച്ചു നടന്നിട്ടുള്ളവനാണ് ഞാൻ. ‘നിനക്ക് സുഖമാണോ..?’ എന്നൊരു മെസ്സേജ് അവൾക്ക് അയക്കാൻ, പലവട്ടം എന്റെ മനസ്സ് എന്റെ ബുദ്ധിയുമായി തല്ലുകൂടിട്ടുണ്ട്. അന്നൊക്കെ ജയിച്ചത് ബുദ്ധിയായിരുന്നത് കൊണ്ട് ആ മെസ്സേജുകൾ മനസ്സിൽ കെട്ടിക്കിടന്ന് തുരുമ്പെടുത്തു.
“ഇനി ഒരിക്കലും കാണില്ലെന്ന് അറിഞ്ഞിട്ടും ഒരിക്കലേലും കാണാമെന്നു ആഗ്രഹിക്കുന്ന ചിലരുണ്ട്.” എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാവും അങ്ങനെയൊരാൾ. അതേ സംശയിക്കണ്ട, അത് അവളുടെ മെസ്സേജായിരുന്നു. അമയയുടെ... അമയ തോമസ്സിന്റെ ...എന്റെ ആമിയുടെ....
“I am fine.What about you?” അവളുടെ സുഖവിവരം അന്വേഷിച്ചത് ഒരു മര്യാദയുടെ പുറത്ത് മാത്രമാണ്. ഇങ്ങോട്ട് സുഖമാണോ എന്ന് ചോദിച്ചതുകൊണ്ട് മാത്രം, തിരിച്ചും. അത്രതന്നെ.
ഫോൺ മാറ്റിവെച്ചുകൊണ്ട് ഞാൻ എന്റെ ജോലിയിൽ കൂടുതൽ ശ്രദ്ധനൽകി.
“നീ എവിടെയാ..? ചെന്നൈയിൽ ഉണ്ടോ?” വീണ്ടും അവളുടെ മെസ്സേജ്.
മെസ്സേജ് തുറക്കാതെ തന്നെ നോട്ടിഫിക്കേഷനിൽ നിന്ന് ഞാനാ മെസ്സേജ് വായിച്ചു. തുറക്കണോ വേണ്ടയോ എന്ന ചിന്ത, ബുദ്ധിയെയും മനസ്സിനെയും വീണ്ടും തമ്മിൽതല്ലിച്ചു. ഇത്തവണ മനസ്സാണ് ജയിച്ചത്.
“അതേ അമയ. ഞാൻ ചെന്നൈയിൽ ഉണ്ട്.”
“അമയയോ...? ആരാ അത് ?” കൂടെ ചിന്തിക്കുന്ന ഒരു സ്മൈലി.
ഇൻബോക്സിന് മുകളിലുള്ള അവളുടെ പേര് ഞാൻ ഒന്നുകൂടെ വായിച്ചു നോക്കി. അതേ.അമയ തോമസ്. അമയ തോമസ് തന്നെ.ഇനി അവളുടെ അക്കൗണ്ടിലൂടെ വേറെ ആരേലും ആണോ, മെസ്സേജ് അയക്കുന്നത്. എന്റെയുള്ളിലെ ചിന്തകൾ പല ദിക്കുകളിലേയ്ക്കും ഓടിതുടങ്ങി.
“അമയ അല്ലെ ഇത് ?” സംശയത്തോടെ ഞാൻ ടൈപ്പ് ചെയ്തു.
“ആരാ അമയ” തിരിച്ചു വന്ന മെസ്സേജിൽ ആ ചുവന്ന ദേഷ്യംപിടിച്ച മൊട്ടത്തലയൻ സ്മൈലിയും ഉണ്ടായിരുന്നു.
‘”അമയ അല്ലെങ്കിൽ പിന്നേ ആരാ?” എനിക്ക് വീണ്ടും സംശയം.
“നീയെന്നെ അമയ എന്നാണോ വിളിച്ചിരുന്നത് ?” നേരെത്തെ വന്ന ചുവന്ന മൊട്ടത്തലയന്റെ കൂടെ രണ്ടുമൂന്ന് കൂട്ടാളികളും ഉണ്ടായിരുന്നു.
അതേ ഞാനവളെ ‘ആമി’ എന്നായിരുന്നു വിളിച്ചിരുന്നത്. എന്റെ ആമി.. അവളെ അമയ എന്ന് വിളിച്ചതിന്റെ പിന്നിൽ ഒരുദ്ദേശമേ ഉണ്ടായിരുന്നുള്ളു. ഞങ്ങൾക്കിടയിൽ കുറച്ച് അകലം സൃഷ്ടിക്കുക. കുറച്ച് ഫോർമൽ ആവുക. നമ്മൾ മനസ്സിൽ കാണുമ്പോൾ, മാനത്ത് കാണുന്ന ചിലരുണ്ട് നമ്മുടെ ജീവിതത്തിൽ. അകലെ ആയിരുന്നാലും അവർക്ക് നമ്മുടെ മനസ്സ് വായിച്ചെടുക്കാൻ കഴിയും. അത്രത്തോളം മനസ്സിനോട് ചേർന്നിരിക്കുന്നവർ... വർഷങ്ങളുടെ വെല്ലുവിളികൾക്കൊന്നും അതിൽ ഒരു മാറ്റവും സൃഷ്ടിക്കാനാവില്ല.
“ആമി, പറയ്...എന്തുണ്ട് വിശേഷങ്ങൾ...?”
“സുഖം... നിനക്കോ?” പുഞ്ചിരിക്കുന്ന സ്മൈലി.
“സുഖം... നീ ഇപ്പോൾ എവിടെയാ? “ ഞാനവളോട് ചോദിച്ചു.
“ഓഫീസിൽ... എന്തേയ്...?” ഇത്തവണ ചിന്തിക്കുന്ന മൊട്ടത്തലയനാണ് മെസ്സേജിന് കൂട്ടുവന്നത്.
“അതല്ല... നീ എവിടെയാണെന്ന്? “അവളെന്റെ തൊട്ടടുത്ത് എവിടെയോ ഉണ്ടെന്നൊരു തോന്നൽ. അതുകൊണ്ട് മാത്രമാണ് ഞാനങ്ങനെയൊരു ചോദ്യം ചോദിച്ചത്.
“അശോക് നഗർ, ചെന്നൈ...” കൂടെ ഒരു പുഞ്ചിരിക്കുന്ന സ്മൈലിയും.
“നീ ചെന്നൈയിൽ? നിനക്ക് ട്രാൻസ്ഫർ ആയോ? ഹൈദ്രാബാദ് ആയിരുന്നില്ലേ മുൻപ്?”