സാമ്പിൾ / Free sample
വസന്തം പോലെ
ഗായത്രി ചന്ദ്രലേഖ
ഒന്ന്
വ്യത്യസ്തരായ പ്രേതങ്ങളുടെ വെള്ളിയാഴ്ചയെന്നാണ് മോഹന്‍സാര്‍ ആ ദിവസത്തെ വിശേഷിപ്പിച്ചത്. മറ്റൊരു പ്രത്യേകത കൂടി അന്നത്തെ ദിവസത്തിനുണ്ടായിരുന്നു. ഞാന്‍ ജോലിക്ക് കയറിയിട്ട് പത്തുവര്‍ഷം തികയുന്നു. അതെ, ശരിയാണ്. ഇരുപത്തിയഞ്ചാം വയസ്സിന്റെ തുടക്കത്തിലായിരുന്നു എന്റെ ഇങ്ങോട്ടുള്ള വരവ്. ഇപ്പോഴിതാ ഒരു ദശകം പൂര്‍ത്തിയായിരിക്കുന്നു. ഓര്‍ക്കുമ്പോള്‍ എല്ലാം ഇന്നലത്തെ പോലെ. ആ ദിവസത്തിന് ഇങ്ങനെ ഒരു പ്രത്യേകത ഉണ്ടെന്ന് കണ്ടുപിടിച്ചതും മോഹന്‍ സാറാണ്.
തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ സീനിയര്‍ ഫോറന്‍സിക് സര്‍ജനാണ് മോഹന്‍സാര്‍. വരുന്നു, ജോലി ചെയ്യുന്നു, പോകുന്നു എന്നല്ലാതെ ദിവസം എന്താണെന്നോ ഡേറ്റ് ഏതാണെന്നോ ഞാന്‍ ശ്രദ്ധിക്കാറില്ല. ഏതോ ഫയല്‍ തിരയുന്നതിന്റെ ഇടക്കാണ് പഴയ അറ്റന്റന്‍സ് ബുക്ക് സാറിന് കിട്ടിയത്. മനുഷ്യ ശരീരം കീറിമുറിച്ച് തെളിവുകള്‍ ശേഖരിക്കുന്ന ആളല്ലേ, അന്ന് ആ ഫയലിനെയും പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. എന്റെ അഡ്രസ്സും പിന്‍നമ്പറും ഉള്‍പ്പെടെ എല്ലാം ഒറ്റനോട്ടത്തില്‍ മനഃപാഠമാക്കി. കണ്ടാല്‍ മുപ്പത്തിയഞ്ചു വയസായെന്ന് തോന്നില്ലെന്ന് പറഞ്ഞ് കുറേ കളിയാക്കി. സാറിന് അമ്പത് വയസ് പ്രായം കാണും, പക്ഷെ അതിനേക്കാള്‍ മൂപ്പ് തോന്നിക്കും. മുന്‍ഭാഗത്തെ മുടിയൊക്കെ കൊഴിഞ്ഞു പോയിട്ടുണ്ട്. മിച്ചം ഉള്ളതാണെങ്കില്‍ നര ബാധിച്ചതും. ഡൈയുടെ വാറന്റി കഴിയുമ്പോഴാണ് നരകളുടെ തനിനിറം പുറത്തുവരുന്നത്. പക്ഷെ സാര്‍ മനസ്സുകൊണ്ട് ഇപ്പോഴും ഇരുപത്തിനാല് വയസ്സുകാരനാണ്. ജോലിയുടെ തിരക്കുകള്‍ക്കിടയിലും കൊച്ചുകൊച്ച് സന്തോഷങ്ങള്‍ കണ്ടെത്താന്‍ മറക്കാറില്ല. മേലുദ്യോഗസ്ഥന്‍ എന്ന ഹുങ്ക് കാണിക്കാറില്ല. കളിച്ചും ചിരിച്ചും തമാശകള്‍ പറഞ്ഞ് മറ്റുള്ളവരെ ചിരിപ്പിച്ചും മോര്‍ച്ചറി മുഴുവന്‍ കറങ്ങി നടക്കും. ചില കോമഡികള്‍ കേട്ടാല്‍ പോസ്റ്റ്‌മോര്‍ട്ടം ടേബിലെ ശവങ്ങള്‍ വരെ എണീറ്റിരുന്നു ചിരിക്കുമെന്ന് തോന്നും. സാറിനെ ഇഷ്ടമില്ലാത്തവരായി ഇവിടെ ആരും തന്നെയില്ല. അത്രക്കും നല്ല മനുഷ്യന്‍. തൂക്കാന്‍ വരുന്ന ശാരദചേച്ചിയുടെ മകളുടെ കല്യാണത്തിനും സെക്യൂരിറ്റി സഹദേവന്‍ ചേട്ടന് ആക്‌സിഡന്റ് പറ്റി കിടന്നപ്പോഴുമെല്ലാം മോഹന്‍സാര്‍ സാമ്പത്തികമായി സഹായിച്ചിരുന്നു. സത്യം പറഞ്ഞാല്‍ ചിലപ്പോഴൊക്കെ സാറിനെ കാണുമ്പോള്‍ എനിക്കുപോലും അസൂയ തോന്നും. അമ്പതുവയസ്സിലും മനസ് കൊണ്ട് യുവത്വം നിലനിര്‍ത്തുന്ന സാറും മുപ്പത്തിയഞ്ച് വയസ്സില്‍ തന്നെ വാര്‍ധക്യത്തെ മനസ്സില്‍ കയറ്റിയ ഞാനും.
ഒരുപക്ഷെ നമ്മുടെ രണ്ടുപേരുടെയും ജീവിത സാഹചര്യങ്ങളാകും ഈ സ്വഭാവ വൈരുദ്ധ്യത്തിന് കാരണം. സാര്‍ ആഗ്രഹിച്ച് അധ്വാനിച്ച് നേടിയ ജോലി ചെയ്യുന്നു, ഞാന്‍ സാഹചര്യങ്ങള്‍കൊണ്ട് ഏറ്റെടുക്കേണ്ടി വന്ന ജോലി ചെയ്യുന്നു. സാറിനുവേണ്ടി കാത്തിരിക്കാനും പ്രാര്‍ത്ഥിക്കാനും ഒരു കുടുംബം ഉണ്ട്. എനിക്കാണേല്‍ എന്റേതെന്ന് പറയാന്‍ ഈ ഭൂമിയില്‍ ആരും ഇല്ല. ഇങ്ങനെയൊക്കെ ആണേലും സാറിന് എന്നോട് വലിയ സ്‌നേഹമാണ്. എനിക്കും അങ്ങനെ തന്നെ. അതുകൊണ്ടല്ലേ ഞാന്‍ പോലും മറന്ന, ജോലിക്ക് കയറിയതിന്റെ പത്താം വാര്‍ഷികം ആഘോഷിക്കാന്‍ രാത്രി സാര്‍ എന്നെ വീട്ടിലേക്ക് ക്ഷണിച്ചത്. ആ പററില്‍ രണ്ട് പെഗ്ഗടിക്കുകയായിരുന്നു ലക്ഷ്യം.