സാമ്പിൾ / Free sample

ഉടൽപ്പൂരം

ബിനു സചിവോത്തമപുരം

ദംഷ്ട്രകള്‍ കൊണ്ട് വലിച്ചു കീറിയ വാര്‍ത്ത സൗമ്യദാസന്‍ ഉണര്‍ന്നില്ല. കാരണമയാള്‍ ഉറങ്ങിയിരുന്നില്ല. മുന്‍പെങ്ങോ പാതിയെഴുതി നിര്‍ത്തിയ തിരക്കഥ പൂരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു രാത്രി മുഴുവന്‍. പുലര്‍ച്ചക്കോഴിയുടെ കൂവലിന് അല്പം മുന്‍പാണ് ഉറങ്ങാന്‍ കിടന്നത്. ശരീരം ഗാഢനിദ്രയ്ക്ക് തയ്യാറാണെങ്കിലും മനസ്സ് അതിനു സന്നദ്ധമല്ല. ഓര്‍ത്തെടുക്കാന്‍ സാധിക്കാത്ത സങ്കീര്‍ണ്ണമായ ഒരു സ്വപ്നത്തിന്റെ തടവറയിലായിരുന്നു മനസ്സ്. സൂര്യന്‍ കിഴക്കുദിച്ചു. ഇളംചൂടുള്ള രശ്മികള്‍ സൗമ്യദാസന്റെ വീടിനുള്ളിലേക്ക് കിനിഞ്ഞിറങ്ങി. പ്രഭാതത്തിന്റെ വിളി സൗമ്യദാസനുണ്ടായി. “എഴുന്നേല്‍ക്ക്..” മനസ്സ് മന്ത്രിച്ചു. ശരീരം ആത്മാവിന്റെ നിര്‍ദ്ദേശത്തെ സ്വീകരിക്കാതെ അജ്ഞാതനായ പ്രതിയോഗിയോട് യുദ്ധം ചെയ്തു. ഒടുവില്‍ മെല്ലെ എഴുന്നേറ്റു. നല്ല ഉറക്കച്ചടവ്. കണ്ണുകള്‍ വീങ്ങി. കടുത്ത തലവേദന. സമയം എട്ടുമണി. പത്രപാരായണത്തോടുകൂടിയാണ് സൗമ്യദാസന്റെ പകല്‍ ആരംഭിക്കുന്നത്. ജീര്‍ണ്ണിച്ചു തുടങ്ങിയ പുരയുടെ വാതില്‍ മെല്ലെ തുറന്നു. വാതിലിന്റെ ദയനീയ വിലാപം. നീളന്‍ വരാന്തയുടെ പലഭാഗത്തായി പുഴക്കരയില്‍ കിട്ടാന്‍ സാധ്യതയുള്ള പത്രങ്ങള്‍ ചിതറിക്കിടക്കുന്നു. കൂടെ ചില പുസ്തക പ്രസിദ്ധീകരണങ്ങള്‍. ഏറ്റവും പ്രചാരമുള്ള പത്രത്തിന്റെ തലക്കെട്ട് കണ്ട് സൗമ്യദാസന്‍ ഞെട്ടി. “നിഷേധത്തിന്റെ കനല്‍ എരിഞ്ഞടങ്ങി.” പത്രത്തിന്റെ അരപ്പേജ് കവര്‍ന്നെടുത്ത് മദ്യലഹരിയില്‍ പുഴക്കരയുടെ അഗാധതയിലേക്ക് നോക്കി നില്‍ക്കുന്ന തന്റെ ചിത്രം. സൗമ്യദാസന്‍ വാര്‍ത്തയിലേക്ക് കണ്ണോടിച്ചു. “നിഷേധത്തിന്റെ കനല്‍വഴികളിലൂടെ ഏകനായി സഞ്ചരിച്ച മലയാളത്തിന്റെ പ്രിയ കഥാകാരന്‍ സൗമ്യദാസന്‍ ഓര്‍മ്മയായി. സ്വവര്‍ഗ്ഗരതിക്കാരുടേയും വ്യഭിചാരികളുടേയും അപ്പോസ്‌തലനായി വാഴ്ത്തപ്പെടുന്ന...” തുടര്‍ന്നുള്ള ഭാഗം വായിക്കാന്‍ സൗമ്യദാസന് സാധിച്ചില്ല. രക്തയോട്ടം നിലച്ചതുപോലെ. ഭീകരമായ ഭയം സൃഷ്ടിച്ച ശാന്തത. വായനക്കാരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള പത്രം കരങ്ങളിലെടുത്തു. തെരുവില്‍ നിന്നു പ്രസംഗിക്കുന്ന ചിത്രം മുന്‍പേജില്‍ കളറില്‍ അച്ചടിച്ചിട്ടുണ്ട്. പശ്ചാത്തലത്തില്‍ വെറുക്കപ്പെട്ടവരും അധഃകൃതരും. “എഴുത്തു വഴികളിലെ ധിക്കാരി ചരിത്രമായി” വാര്‍ത്തയുടെ വിശദാംശങ്ങളിലേക്ക് കടക്കാനാകാതെ സൗമ്യദാസന്‍ വരാന്തയില്‍ തളര്‍ന്നിരുന്നു. അല്പസമയത്തെ സംഭ്രമത്തിനുശേഷം ചിതറിക്കിടക്കുന്ന മുദ്രണങ്ങളെ ചവുട്ടിമെതിച്ച് ചില പത്രങ്ങളുമായി അകത്തേക്ക് പോയി. പഴകിയ അലമാരയിലെ നിറം മങ്ങിയ കണ്ണാടിയില്‍ നോക്കി തന്റെ തന്നെ ചിത്രമാണ് പത്രത്തില്‍ അച്ചടിച്ചിരിക്കുന്നതെന്ന് ഉറപ്പുവരുത്തി. സംഭവങ്ങളുടെ നിജസ്ഥിതി അറിയാന്‍ സൗമ്യദാസന്‍ പത്രമാഫീസുകളിലേക്ക് ഫോണ്‍ ചെയ്തു. എല്ലാ കോളുകളും ബിസി. അല്ലെങ്കില്‍ പരിധിക്കുപുറത്ത്. ഉന്മാദത്തിന്റെ അവസ്ഥയില്‍ അയാള്‍ മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞു. പിന്നീട് ചിതറിത്തെറിച്ച ഫോണിനെക്കുറിച്ചോര്‍ത്ത് ദുഃഖിച്ചു. ലാന്‍ഡ്‌ഫോണ്‍ ശബ്ദിച്ചപ്പോള്‍ പ്രതീക്ഷയോടെ ഓടിച്ചെന്നു. അങ്ങേത്തലയ്ക്കലെ ശബ്ദത്തോട് അട്ടഹസിച്ചു. “ഇതു ഞാനാണ് സൗമ്യദാസന്‍.” “അറിയില്ല്യേ.....എഴുത്തുകാരന്‍ സൗമ്യദാസന്‍.” “അല്ല...! ഞാന്‍ ദാസനല്ല, സൗമ്യദാസനാണ്. എഴുത്തുകാരന്‍... എനിക്കു താങ്കളെ കബളിപ്പിക്കേണ്ട കാര്യമൊന്നുമില്ലല്ലോ.” “ഞാന്‍... മരിച്ചിട്ടില്ല. അതെല്ലാം കള്ളത്തരങ്ങളാണ്.” “ വട്ട് നിന്റപ്പനാ...!!” “നാശം... നീയൊന്നും കൊണം പിടിക്കത്തില്ല.” അജ്ഞാത ശബ്ദത്തെ ശപിച്ചുകൊണ്ട് ഫോണ്‍ വെച്ചു. സൗമ്യദാസന്‍ പുഴക്കരക്കവലയിലേക്കിറങ്ങാന്‍ തിടുക്കപ്പെട്ടു. അതിനുമുന്‍പ് തനിക്ക് രൂപഭേദമെന്നും വന്നിട്ടില്ലെന്ന് കണ്ണാടിയിലും ഫോട്ടോകളിലും നോക്കി ഉറപ്പുവരുത്തി. സ്ഥൂല ശരീരം, നീളന്‍ മുടി, നരച്ചു തുടങ്ങിയ ദീക്ഷ, അലസമായ ജൂബ്ബാ, നിറം മങ്ങിയ പാന്റ്സ്, തേഞ്ഞ വള്ളിച്ചെരുപ്പ്... കരിവാളിച്ച മുഖത്തെ രണ്ടുപല്ലുകള്‍ ഒടിഞ്ഞതാണ്. വടുക്കള്‍ നിറഞ്ഞ മുഖം കാഴ്ചയില്‍ അറപ്പുളവാക്കും. സൗമ്യദാസന്‍ കണ്ണാടിയെ നോക്കി ചിരിച്ചു. ആ ചിരി കണ്ട് അയാള്‍ക്ക് ഉള്‍ക്കിടിലമുണ്ടായി.

End of sample

Read the whole book

Order on WhatsApp — ₹190
← Back to the book · full details