സാമ്പിൾ / Free sample
നിണപ്പാടുകളുടെ നിരീക്ഷണപരീക്ഷണങ്ങൾ
ആർതർ കോനൻ ഡോയൽ
ലോകത്തെ ഏറ്റവും പ്രശസ്തനായ ഡിറ്റക്ടീവും ഡോക്ടർ വാട്സനും ആദ്യമായി കണ്ടുമുട്ടുന്ന പേജുകൾ — ഇവിടെനിന്നാണ് എല്ലാം തുടങ്ങിയത്.
ഒറിജിനൽ വില ₹31029% ഓഫ്
₹221
₹89 ലാഭം · തപാൽ ഉൾപ്പെടെ
പുസ്തകം ₹250 + തപാൽ ₹60 = ₹310
മിസ്റ്റർ ഷെർലക് ഹോംസ്
“എനിക്ക് അദ്ദേഹത്തെ ഒന്ന് പരിചയപ്പെടണമെന്നുണ്ട്,” ഞാൻ പറഞ്ഞു. “ഞാൻ ആരുടെയെങ്കിലും കൂടെ താമസിക്കുകയാണെങ്കിൽ, പഠനത്തിൽ താല്പര്യമുള്ള, ശാന്തസ്വഭാവക്കാരനായ ഒരാളെയാണ് ഞാൻ ആഗ്രഹിക്കുന്നത്. വലിയ ബഹളങ്ങളോ ആവേശങ്ങളോ ഒന്നും താങ്ങാനുള്ള ആരോഗ്യം ഇപ്പോൾ എനിക്കില്ല. എന്റെ ജീവിതകാലം മുഴുവൻ ഓർക്കാനുള്ള അത്രയും ബഹളങ്ങൾ അഫ്ഗാനിസ്ഥാനിൽ വെച്ച് എനിക്ക് ലഭിച്ചു കഴിഞ്ഞു. നിന്റെ ഈ സുഹൃത്തിനെ എനിക്ക് എങ്ങനെ കാണാൻ സാധിക്കും?”
“അദ്ദേഹം ഇപ്പോൾ ലബോറട്ടറിയിൽ കാണുമെന്ന് ഉറപ്പാണ്,” എന്റെ കൂട്ടുകാരൻ മറുപടി നൽകി. “ഒന്നുകിൽ ആഴ്ചകളോളം അദ്ദേഹം അങ്ങോട്ടേക്കേ തിരിഞ്ഞുനോക്കില്ല, അല്ലെങ്കിൽ രാവിലെ മുതൽ രാത്രി വരെ അവിടെത്തന്നെ പണിയെടുത്തുകൊണ്ടിരിക്കും. നിനക്ക് താല്പര്യമുണ്ടെങ്കിൽ, ഉച്ചഭക്ഷണത്തിന് ശേഷം നമുക്ക് അങ്ങോട്ടേക്ക് ഒന്നു പോയി നോക്കാം.”
“തീർച്ചയായും,” ഞാൻ മറുപടി നൽകി. അതോടെ ഞങ്ങളുടെ സംഭാഷണം മറ്റ് വിഷയങ്ങളിലേക്ക് വഴിമാറി.
ഹോൾബോണിൽ നിന്നും ഇറങ്ങി ഞങ്ങൾ ആശുപത്രിയിലേക്ക് പോകുന്നതിനിടയിൽ, കൂടെ താമസിപ്പിക്കാൻ ഞാൻ ആഗ്രഹിച്ച ആ വ്യക്തിയെക്കുറിച്ച് സ്റ്റാംഫോർഡ് കുറച്ച് വിവരങ്ങൾ കൂടി എനിക്ക് നൽകി.
“അദ്ദേഹവുമായി നിനക്ക് ഒത്തുപോകാൻ കഴിഞ്ഞില്ലെങ്കിൽ എന്നെ കുറ്റപ്പെടുത്തരുത്,” അവൻ പറഞ്ഞു. “ലബോറട്ടറിയിൽ വെച്ച് വല്ലപ്പോഴും കാണുമ്പോഴുള്ള അറിവ് മാത്രമേ എനിക്ക് അദ്ദേഹത്തെക്കുറിച്ചുള്ളൂ. ഈ കൂട്ടുതാമസത്തിനുള്ള നിർദ്ദേശം നീ വെച്ചതാണ്, അതുകൊണ്ട് അതിന്റെ ഉത്തരവാദിത്തം എന്റെ മേൽ കെട്ടിവെക്കരുത്.”
“ഞങ്ങൾ തമ്മിൽ ഒത്തുപോയില്ലെങ്കിൽ പിരിയുക എന്നത് എളുപ്പമുള്ള കാര്യമാണല്ലോ,” ഞാൻ മറുപടി നൽകി. എന്റെ കൂട്ടുകാരനെ ഒന്ന് സൂക്ഷിച്ചു നോക്കിക്കൊണ്ട് ഞാൻ തുടർന്നു, “സ്റ്റാംഫോർഡ്, ഈ കാര്യത്തിൽ നിനക്ക് എന്തോ കൈകഴുകാനുള്ള താൽപ്പര്യമുള്ളതുപോലെ എനിക്ക് തോന്നുന്നു. ഈ മനുഷ്യന്റെ സ്വഭാവം അത്രയ്ക്ക് പേടിപ്പെടുത്തുന്നതാണോ? അതോ മറ്റെന്തെങ്കിലും ഉണ്ടോ? ഉള്ളത് വളച്ചൊടിക്കാതെ നേരേ പറയൂ.”
“വിവരിക്കാൻ കഴിയാത്ത ഒന്നാണത്,” അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. “ഹോംസ് എന്റെ താൽപ്പര്യങ്ങൾക്കും അപ്പുറം അൽപ്പം ശാസ്ത്രീയ ചിന്താഗതിയുള്ള ആളാണ്—അത് ചിലപ്പോൾ ക്രൂരതയുടെ അതിർവരമ്പ് വരെ എത്താറുണ്ട്. പുതിയതായി കണ്ടെത്തിയ ഏതെങ്കിലും വിഷാംശം അദ്ദേഹം തന്റെ ഒരു സുഹൃത്തിന് നൽകുന്നത് എനിക്ക് സങ്കൽപ്പിക്കാൻ കഴിയും. അത് ഒരു ദുഷ്ടലാക്കോടെയല്ല, മറിച്ച് അതിന്റെ ഫലം എന്താണെന്ന് കൃത്യമായി മനസ്സിലാക്കാനുള്ള ഒരു പരീക്ഷണ കൗതുകം കൊണ്ടു മാത്രമായിരിക്കും. പക്ഷേ നീതിപൂർവ്വം പറയുകയാണെങ്കിൽ, അതേ താല്പര്യത്തോടെ അദ്ദേഹം അത് സ്വന്തം ശരീരത്തിലും പരീക്ഷിക്കുമെന്ന് എനിക്ക് ഉറപ്പാണ്. കൃത്യവും വ്യക്തവുമായ അറിവ് സമ്പാദിക്കുന്നതിൽ അദ്ദേഹം ഒരു ഭ്രാന്തമായ ആവേശമുള്ള വ്യക്തിയാണ്.”
“അത് വളരെ നല്ലതാണല്ലോ,” ഞാൻ പറഞ്ഞു.
“അതെ, പക്ഷേ അത് പരിധി വിടുമ്പോഴാണ് പ്രശ്നം. ശവപരിശോധനാ മുറിയിലെ മൃതദേഹങ്ങളെ വടികൊണ്ട് അടിക്കുക എന്നൊക്കെ പറയുമ്പോൾ, അത് തീർച്ചയായും വിചിത്രമായ ഒരു രൂപം കൈക്കൊള്ളുകയാണ്.”
“മൃതദേഹങ്ങളെ അടിക്കുകയോ!”
“അതെ, മരണം സംഭവിച്ചതിന് ശേഷം ശരീരത്തിൽ എത്രത്തോളം ആഴത്തിൽ ചതവുകൾ ഉണ്ടാകുമെന്ന് പരിശോധിക്കാൻ വേണ്ടി. അദ്ദേഹം അത് ചെയ്യുന്നത് ഞാൻ സ്വന്തം കണ്ണുകൊണ്ട് കണ്ടതാണ്.”
“എന്നിട്ടും അദ്ദേഹം ഒരു മെഡിക്കൽ വിദ്യാർത്ഥിയല്ല എന്നാണോ നീ പറയുന്നത്?”
“അല്ല. അദ്ദേഹത്തിന്റെ പഠനങ്ങളുടെ ലക്ഷ്യം എന്താണെന്ന് ദൈവത്തിന് മാത്രമേ അറിയൂ. പക്ഷേ, നമ്മൾ ഇവിടെ എത്തിക്കഴിഞ്ഞു; ഇനി നിനക്ക് തന്നെ അദ്ദേഹത്തെക്കുറിച്ച് ഒരു ധാരണ ഉണ്ടാക്കാവുന്നതേയുള്ളൂ.” സ്റ്റാംഫോർഡ് സംസാരിച്ചുകൊണ്ടിരിക്കെ, ഞങ്ങൾ ഒരു ഇടുങ്ങിയ വഴിയിലേക്ക് തിരിയുകയും ആ വലിയ ആശുപത്രിയുടെ ഒരു വശത്തുള്ള ചെറിയ വാതിലിലൂടെ അകത്തേക്ക് പ്രവേശിക്കുകയും ചെയ്തു. എനിക്ക് പരിചിതമായ ഇടമായിരുന്നു അത്. വെളുത്ത ചായമടിച്ച ചുമരുകളും മങ്ങിയ തവിട്ടുനിറത്തിലുള്ള വാതിലുകളുമുള്ള ആ നീളൻ ഇടനാഴിയിലൂടെയും, വിജനമായ കൽപ്പടവുകളിലൂടെയും നടക്കുമ്പോൾ എനിക്ക് ഒരു വഴികാട്ടിയുടെ ആവശ്യം ഉണ്ടായിരുന്നില്ല. ആ ഇടനാഴിയുടെ അറ്റത്തായി കാണപ്പെട്ട താഴ്ന്ന കമാനത്തോടു കൂടിയ ഒരു വഴി കെമിക്കൽ ലബോറട്ടറിയിലേക്കായിരുന്നു നീണ്ടിരുന്നത്.
“അതൊരു വലിയ മുറിയായിരുന്നു; എണ്ണമറ്റ കുപ്പികൾ അവിടെ നിരത്തിവെച്ചിരിക്കുകയും ചിതറിക്കിടക്കുകയും ചെയ്തിരുന്നു. മുറിയിലുടനീളം വീതിയുള്ളതും ഉയരം കുറഞ്ഞതുമായ മേശകൾ ഉണ്ടായിരുന്നു. അവയിലാകെ കുഴൽപാത്രങ്ങളും , ടെസ്റ്റ് ട്യൂബുകളും, നീലജ്വാലയോടെ കത്തുന്ന ചെറിയ ബൺസൻ ലാമ്പുകളും നിറഞ്ഞിരുന്നു. മുറിയിൽ ഒരേയൊരു വിദ്യാർത്ഥി മാത്രമേ ഉണ്ടായിരുന്നുള്ളൂ; അയാൾ ദൂരെയുള്ള ഒരു മേശയിലേക്ക് കുനിഞ്ഞുനിന്ന് തന്റെ ജോലിയിൽ മുഴുകിയിരിക്കുകയായിരുന്നു. ഞങ്ങളുടെ കാൽപ്പെരുമാറ്റം കേട്ടപ്പോൾ അയാൾ ചുറ്റും നോക്കി, ആവേശത്തോടെ ഒരു നിലവിളിയോടെ ചാടി എഴുന്നേറ്റു. ‘എനിക്കത് കിട്ടി! എനിക്കത് കിട്ടി!’ കയ്യിലൊരു ടെസ്റ്റ് ട്യൂബുമായി ഞങ്ങളുടെ അടുത്തേക്ക് ഓടിവന്നുകൊണ്ട് അയാൾ എന്റെ കൂട്ടുകാരനോട് വിളിച്ചുപറഞ്ഞു. ‘ഹീമോഗ്ലോബിനാൽ മാത്രം അവക്ഷിപ്തപ്പെടുന്ന ഒരു പ്രതികാരകം ഞാൻ കണ്ടെത്തിയിരിക്കുന്നു.’ ഒരു സ്വർണ്ണഖനി കണ്ടെത്തിയാൽ പോലും ഇതിലും വലിയൊരു തിളക്കം അയാളുടെ മുഖത്ത് ഉണ്ടാവില്ലായിരുന്നു.”
“ഡോക്ടർ വാട്സൺ, ഇത് മിസ്റ്റർ ഷെർലക് ഹോംസ്,” സ്റ്റാംഫോർഡ് ഞങ്ങളെ പരസ്പരം പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു.
“സുഖമാണോ?” ഹോംസ് ഹൃദ്യമായി ചോദിച്ചു. അദ്ദേഹത്തിന്റെ മെലിഞ്ഞ ശരീരം കണ്ടാൽ തോന്നാത്ത അത്രയും കരുത്തോടെ അദ്ദേഹം എന്റെ കൈകളിൽ പിടിച്ചു കുലുക്കി. “താങ്കൾ അഫ്ഗാനിസ്ഥാനിലായിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു.”
“ദൈവമേ, അതങ്ങനെയാണ് താങ്കൾക്ക് മനസ്സിലായത്?” ഞാൻ അമ്പരപ്പോടെ ചോദിച്ചു.
“അതവിടെ നിൽക്കട്ടെ,” തനിക്കുതന്നെ തോന്നിപ്പോയ ചെറിയൊരു ചിരിയോടെ അദ്ദേഹം പറഞ്ഞു. “ഇപ്പോൾ വിഷയം ഹീമോഗ്ലോബിനെക്കുറിച്ചാണ്. എന്റെ ഈ കണ്ടുപിടുത്തത്തിന്റെ പ്രാധാന്യം താങ്കൾക്ക് മനസ്സിലായിക്കാണുമല്ലോ, സംശയമില്ല?”
