സാമ്പിൾ / Free sample
നർസിസും ഗോൾഡ്‌മുണ്ടും
ഹെർമൻ ഹെസ്സെ
മരിയാബ്രോൺ ആശ്രമത്തിന്റെ കവാടത്തിൽ ഒരു കൗമാരക്കാരൻ — ബുദ്ധിയും ഇന്ദ്രിയവും തമ്മിലുള്ള ഒരു ആജീവനാന്ത സൗഹൃദത്തിന്റെ തുടക്കം.
ഒറിജിനൽ വില ₹58029% ഓഫ്
₹414
₹166 ലാഭം · തപാൽ ഉൾപ്പെടെ
പുസ്തകം ₹520 + തപാൽ ₹60 = ₹580
ഒന്ന്
മരിയാബ്രോൺ ആശ്രമത്തിന്റെ പ്രവേശനകവാടത്തിലെ ഇരട്ടത്തൂണുകൾ താങ്ങിനിർത്തുന്ന വൃത്താകൃതിയിലുള്ള കമാനത്തിനു മുന്നിൽ, വഴിയോരത്തുതന്നെ, ഒരു ചെസ്റ്റ്നട്ട് മരം നിന്നിരുന്നു. തെക്കുനിന്നുവന്ന ഒരൊറ്റപ്പെട്ട സന്തതി. പണ്ടെന്നോ റോമിൽനിന്നു മടങ്ങിവന്ന ഒരു തീർത്ഥാടകൻ കൊണ്ടുവന്നതായിരുന്നു അത്. വലിയ തടിയോടുകൂടിയ ഒരു വിശിഷ്ട ചെസ്റ്റ്നട്ട് മരം. അതിന്റെ ഉരുണ്ട തലപ്പ് വഴിക്കുമേൽ വാത്സല്യത്തോടെ ചാഞ്ഞുനിന്നു. കാറ്റിൽ അത് വിരിഞ്ഞ നെഞ്ചോടെ ശ്വാസമെടുക്കുകയും വിടുകയും ചെയ്തു. ചുറ്റും പച്ചപ്പ് നിറഞ്ഞ വസന്തകാലത്ത്, ആശ്രമത്തിലെ വാൾനട്ട് മരങ്ങൾക്കുപോലും ചുവപ്പുകലർന്ന തളിരിലകൾ വന്നുകഴിഞ്ഞിട്ടും, അതിന്റെ ഇലകൾ വരാൻ പിന്നെയും വൈകി. ഒടുവിൽ, രാത്രികൾക്ക് ദൈർഘ്യം കുറഞ്ഞുവരുന്ന നാളുകളിൽ, അതിന്റെ ഇലച്ചാർത്തുകൾക്കിടയിൽനിന്ന് അപരിചിതമായ പൂക്കളുടെ വിളറിയ പച്ചകലർന്ന വെളുത്ത കിരണങ്ങൾ പൊന്തിവന്നു. ഓർമ്മപ്പെടുത്തുന്നതും മനസ്സിനെ അസ്വസ്ഥമാക്കുന്നതുമായ രൂക്ഷഗന്ധമായിരുന്നു അവയ്ക്ക്. പിന്നീട്, ഒക്ടോബർ മാസത്തിൽ, പഴങ്ങളും വീഞ്ഞുമെല്ലാം വിളവെടുത്തുകഴിയുമ്പോൾ, ശരത്കാലക്കാറ്റിൽ അതിന്റെ മഞ്ഞളിച്ച തലപ്പിൽനിന്ന് മുള്ളുകളുള്ള കായകൾ കൊഴിഞ്ഞുവീഴും. എല്ലാ വർഷവും അവ പാകമാകാറില്ല. അവയ്ക്കുവേണ്ടി ആശ്രമത്തിലെ കുട്ടികൾ തമ്മിൽ തല്ലുകൂടും. ഇറ്റലിയിൽനിന്നുള്ള സബ്-പ്രയർ ഗ്രിഗർ തന്റെ മുറിയിലെ നെരിപ്പോടിലിട്ട് അവ ചുട്ടെടുക്കും. ആ മനോഹരമായ മരം അതിന്റെ തലപ്പ് ആശ്രമകവാടത്തിനു മുകളിലൂടെ ഇതുവരെയില്ലാത്ത വിധത്തിലും ആർദ്രമായും വീശിനിന്നു. മറ്റൊരു ദേശത്തുനിന്നുവന്ന, ലോലഹൃദയനും ചെറുതായി വിറയ്ക്കുന്നവനുമായ ഒരതിഥി. കവാടത്തിലെ നേർത്ത മണൽക്കല്ലുകൊണ്ടുള്ള ഇരട്ടത്തൂണുകളോടും ജനൽപ്പാളികളിലെയും കൈവരികളിലെയും തൂണുകളിലെയും കല്ലുകൊണ്ടുള്ള കൊത്തുപണികളോടും അതിന് ഒരു രഹസ്യബന്ധമുണ്ടായിരുന്നു. ഇറ്റലിക്കാരും ലത്തീൻകാരും അതിനെ സ്നേഹിച്ചു; നാട്ടുകാർ ഒരു വിദേശിയെ എന്നപോലെ അതിനെ കൗതുകത്തോടെ നോക്കി.
ആ വിദേശമരത്തിനു കീഴിലൂടെ ആശ്രമവിദ്യാർത്ഥികളുടെ എത്രയോ തലമുറകൾ കടന്നുപോയിരിക്കുന്നു. കക്ഷത്തിൽ എഴുത്തുപലകകളുമായി, സംസാരിച്ചും ചിരിച്ചും കളിച്ചും കലഹിച്ചും, കാലത്തിനനുസരിച്ച് ചെരിപ്പിട്ടും ഇടാതെയും, വായിൽ ഒരു പൂവോ പല്ലുകൾക്കിടയിൽ ഒരു വാൾനട്ടോ കൈയിലൊരു മഞ്ഞുകട്ടയോ ആയി അവർ നടന്നുപോയി. എപ്പോഴും പുതിയ ആളുകൾ വന്നുകൊണ്ടിരുന്നു. ഓരോ വർഷങ്ങൾ കഴിയുന്തോറും മുഖങ്ങൾ മാറും. അവരിൽ ഭൂരിഭാഗവും സ്വർണ്ണമുടിയും ചുരുണ്ടമുടിയുമുള്ളവരായി, കാഴ്ചയിൽ ഒരുപോലെയിരുന്നു. ചിലർ അവിടെത്തന്നെ തങ്ങി, പുതിയ സന്യാസാർത്ഥികളായി, സന്യാസിമാരായി. അവരുടെ മുടി മുണ്ഡനം ചെയ്യപ്പെട്ടു, അവർ സന്യാസിക്കുപ്പായവും നാടകളും ധരിച്ചു, പുസ്തകങ്ങൾ വായിച്ചു, കുട്ടികളെ പഠിപ്പിച്ചു, വാർദ്ധക്യത്തിലെത്തി, മരിച്ചു. മറ്റുചിലരെ, പഠനകാലം കഴിയുമ്പോൾ, മാതാപിതാക്കൾ പ്രഭുക്കന്മാരുടെ കോട്ടകളിലേക്കും വ്യാപാരികളുടെയും കരകൗശലവിദഗ്ദ്ധരുടെയും ഭവനങ്ങളിലേക്കും തിരികെ കൊണ്ടുപോയി. അവർ ലോകത്തിലേക്ക് ഓടിയിറങ്ങി, തങ്ങളുടെ കളികളിലും തൊഴിലുകളിലും ഏർപ്പെട്ടു. വല്ലപ്പോഴും ആശ്രമം സന്ദർശിക്കാൻ അവർ മടങ്ങിവന്നേക്കാം, പുരുഷന്മാരായി മാറിയ അവർ, തങ്ങളുടെ കൊച്ചുമക്കളെ വിദ്യാർത്ഥികളായി പാതിരിമാരുടെയടുക്കൽ കൊണ്ടുവരും, പുഞ്ചിരിയോടെയും ഓർമ്മകളോടെയും ഒരു നിമിഷം ആ ചെസ്റ്റ്നട്ട് മരത്തിലേക്ക് നോക്കിനിൽക്കും, പിന്നെ വീണ്ടും മറഞ്ഞുപോകും. ആശ്രമത്തിലെ മുറികളിലും ശാലകളിലും, ചുവന്ന കല്ലുകൊണ്ടുള്ള ഉരുണ്ട ഭാരമേറിയ ജനൽപ്പാളികൾക്കും ഉറച്ച ഇരട്ടത്തൂണുകൾക്കുമിടയിൽ ജീവിതം, പഠനം, പഠിപ്പിക്കൽ, ഭരണം, കാര്യനിർവ്വഹണം എന്നിവയെല്ലാം നടന്നു. പലതരം കലകളും ശാസ്ത്രങ്ങളും അവിടെ അഭ്യസിക്കപ്പെട്ടു, ഒരു തലമുറയിൽനിന്ന് മറ്റൊന്നിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു—ഭക്തിനിർഭരമായതും ലൗകികമായതും, പ്രകാശപൂർണ്ണമായതും ഇരുണ്ടതും. പുസ്തകങ്ങൾ എഴുതുകയും വ്യാഖ്യാനിക്കുകയും ചെയ്തു, തത്വസംഹിതകൾ രൂപപ്പെടുത്തി, പൂർവ്വികരുടെ ഗ്രന്ഥങ്ങൾ ശേഖരിച്ചു, ചിത്രങ്ങളുള്ള കൈയെഴുത്തുപ്രതികൾ തയ്യാറാക്കി, ജനങ്ങളുടെ വിശ്വാസം പരിപോഷിപ്പിച്ചു, ജനങ്ങളുടെ വിശ്വാസത്തെ പുച്ഛിച്ചു. പാണ്ഡിത്യവും ഭക്തിയും, നിഷ്കളങ്കതയും കൗശലവും, സുവിശേഷങ്ങളിലെ ജ്ഞാനവും ഗ്രീക്കുകാരുടെ ജ്ഞാനവും, വെള്ളയും കറുപ്പുമായ മന്ത്രവാദവും—എല്ലാറ്റിനും അവിടെ വളരാൻ ഇടമുണ്ടായിരുന്നു, എല്ലാറ്റിനും സ്ഥാനമുണ്ടായിരുന്നു. ഏകാന്തവാസത്തിനും പ്രായശ്ചിത്തത്തിനും എന്നപോലെ കൂട്ടായ്മയ്ക്കും സുഖജീവിതത്തിനും അവിടെ ഇടമുണ്ടായിരുന്നു. ആശ്രമാധിപന്റെ വ്യക്തിത്വവും കാലത്തിന്റെ പ്രബലമായ പ്രവണതയും അനുസരിച്ച് ഇതിൽ ഏതാണ് മുന്നിട്ടുനിൽക്കുകയെന്ന് തീരുമാനിക്കപ്പെട്ടു. ചിലപ്പോൾ ആശ്രമം അതിന്റെ പിശാചുക്കളെ ഒഴിപ്പിക്കുന്നവർക്കും ഭൂതങ്ങളെ അറിയുന്നവർക്കും പേരുകേട്ടതായിരുന്നു, ചിലപ്പോൾ അതിന്റെ വിശിഷ്ടമായ സംഗീതത്തിന്, ചിലപ്പോൾ രോഗശാന്തിയും അത്ഭുതങ്ങളും പ്രവർത്തിക്കുന്ന ഒരു പുണ്യപിതാവിന്, മറ്റുചിലപ്പോൾ അതിന്റെ മത്സ്യസൂപ്പിനും മാൻകരൾ കൊണ്ടുണ്ടാക്കിയ വിഭവങ്ങൾക്കും—ഓരോന്നും അതിന്റേതായ കാലത്ത്. സന്യാസിമാരുടെയും വിദ്യാർത്ഥികളുടെയും കൂട്ടത്തിൽ, ഭക്തരും, ഉദാസീനരും, ഉപവസിക്കുന്നവരും, തടിച്ചവരുമായവരുടെയെല്ലാം ഇടയിൽ, അവിടെ വരികയും ജീവിക്കുകയും മരിക്കുകയും ചെയ്ത അനേകർക്കിടയിൽ, എപ്പോഴും സവിശേഷനായ ഒരു വ്യക്തിയുണ്ടാകുമായിരുന്നു—എല്ലാവരും സ്നേഹിക്കുകയോ എല്ലാവരും ഭയപ്പെടുകയോ ചെയ്യുന്ന ഒരാൾ, തിരഞ്ഞെടുക്കപ്പെട്ടവനെന്ന് തോന്നിക്കുന്ന ഒരാൾ, സമകാലികർ മറക്കപ്പെട്ടശേഷവും ദീർഘകാലം ഓർമ്മിക്കപ്പെടുന്ന ഒരാൾ.
മരിയാബ്രോൺ ആശ്രമത്തിൽ അങ്ങനെയുള്ള രണ്ടുപേരുണ്ടായിരുന്നു, ഒരു വൃദ്ധനും ഒരു യുവാവും. ആശ്രമത്തിലെ കിടപ്പുമുറികളും പള്ളികളും പഠനശാലകളും നിറച്ചിരുന്ന അനേകം സഹോദരന്മാർക്കിടയിൽ, എല്ലാവർക്കും അറിയാവുന്ന, എല്ലാവരും ശ്രദ്ധിക്കുന്ന രണ്ടുപേർ. വൃദ്ധനായ ആബട്ട് ഡാനിയേലും, സന്യാസാർത്ഥിയായി അധികകാലമാകാത്ത, എന്നാൽ തന്റെ അസാധാരണ കഴിവുകൾ കാരണം എല്ലാ കീഴ് വഴക്കങ്ങൾക്കും വിരുദ്ധമായി, പ്രത്യേകിച്ച് ഗ്രീക്ക് ഭാഷയിൽ, അധ്യാപകനായി നിയോഗിക്കപ്പെട്ട യുവവിദ്യാർത്ഥി നർസിസും. ഇവർ രണ്ടുപേർക്കും, ആശ്രമത്തിൽ വലിയ സ്ഥാനമുണ്ടായിരുന്നു. അവർ നിരീക്ഷിക്കപ്പെട്ടു, ജിജ്ഞാസയുണർത്തി, ആരാധിക്കപ്പെട്ടു, അസൂയയോടെ വീക്ഷിക്കപ്പെട്ടു, രഹസ്യമായി അപഹസിക്കപ്പെടുകയും ചെയ്തു.
