സാമ്പിൾ / Free sample
ഖബറുകളുടെ ഖബറ്
അശ്വതി പാലെങ്ങൽ
പ്ലാസ്റ്റിക് പാവകൾ
രുക്മിണിയമ്മാൾ പാവകളെ സഞ്ചിയിൽ നിറച്ച് പോകാനൊരുങ്ങി. അവർ വെങ്കിടിയെ ഒന്ന് നോക്കി മതികെട്ടുറങ്ങുകയാണ്. ഇന്നലത്തെ കെട്ടിറങ്ങിയിട്ടുണ്ടാകില്ല. തന്നെ തന്നെ വിറ്റും അവന് കുടിയ്ക്കണം. പെട്ടന്നവരുടെ കണ്ണുകൾ നിറഞ്ഞു. മെലിഞ്ഞ് വിറങ്ങലിച്ച കൈകൾ അവർ തലയിൽ വച്ചു. ഇല്ല, മുണ്ഡനം ചെയ്ത മാതിരിയായിട്ടില്ല. കുറ്റിമുടിയുടെ തരിപ്പ് അവർക്ക് സ്പർശിച്ചറിയാമായിരുന്നു. വെളുത്ത് തുടങ്ങിയിരുന്നുവെങ്കിലും ഭംഗിയുള്ള മുടിയായിരുന്നു. അദ്ദേഹമുണ്ടായിരുന്നപ്പോൾ പറയുമായിരുന്നു, “രുക്കൂ ഉന്നുടെ മുടി എനക്ക് റൊമ്പ പുടിയ്ക്കും.”
തന്റെ മുടി കാണുമ്പോഴെല്ലാം രുക്മിണിയമ്മാൾക്ക് ഭർത്താവിനെ ഓർമ വരുമായിരുന്നു. അദ്ദേഹം ആ മുടിയെപ്പറ്റി കുറച്ചൊന്നുമല്ല അവളെ പ്രശംസിച്ചിട്ടുള്ളത്. ആ മുടിയാണ് വെങ്കിടി ഇന്നലെ മുറിച്ചു കൊണ്ടുപോയത്. അത് കൊണ്ട് പോയി അവൻ വിറ്റുകാണും. രുക്മിണിയമ്മാൾ കണ്ണാടിയ്ക്ക് മുന്നിൽ പോയി നിന്നു. ചേല കൊണ്ട് മുടി മുറിച്ചതു കാണാത്ത വിധത്തിൽ തല മറച്ചു. അവർ കണ്ണാടിയിലേയ്ക്ക് നോക്കി. തന്റെ പ്രേതമാണ് ആ കണ്ണാടിയിലുള്ളതെന്നവർക്കു തോന്നി.
“ഛീ, വെക്കാമാരുക്കലേ..? ഇന്ത വയസിൽ കണ്ണാടി പാത്തിട്ടിരുക്കേൻ..!”
കനകമാണ്. വെങ്കിടിയുടെ ഭാര്യ. എപ്പോഴും അവൾ രുക്മിണിയമ്മാളെ ചീത്ത പറയും. വൈകുന്നേരം നൂറുരൂപ കൊണ്ട് പോയി കൊടുത്തില്ലെങ്കിൽ പിന്നെ രുക്മിണിയമ്മാൾക്ക് രാത്രിഭക്ഷണം പോലുമുണ്ടാകില്ല. രുക്മിണിയമ്മാൾ തിടുക്കത്തിൽ അഗ്രഹാരത്തിൽ നിന്നിറങ്ങി. സീതാംബാൾ അവരെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
“എത്തണ നേരമാച്ച് രുക്കൂ സീഘ്രം വാങ്കോ” അക്ഷമയായികൊണ്ട് സീതാംബാൾ പറഞ്ഞു.
ഒന്ന് കൂടി സൂക്ഷിച്ചു നോക്കി കൊണ്ട് സീതാംബാൾ ചോദിച്ചു.
“ഉൻ മുടി മുറിച്ചാച്ച് ഇല്ലിയാ?
അതെ എന്നർത്ഥത്തിൽ രുക്മിണിയമ്മാൾ തലയാട്ടി.
“നമ്മ പക്കത്ത് വീട്ടിലെ പൊണ്ണില്ലയാ..? അന്ത ലക്ഷ്മി, പതിനാറു വയസാക്കും. അവ അപ്പ അന്ത പൊണ്ണുടെ മുടി മുറിച്ചാച്ച്. ഉനക്ക് ഇന്ത വയസാച്ച്... അപ്പറം ഏൻ രുക്കൂ നീ അഴറേൻ?
രുക്മിണിയമ്മാൾ ഇന്ത വയസാച്ച് ഇന്ത വയസാച്ച് എന്ന് ഈർഷ്യയോടെ ഉരുവിട്ടു. അവരുടെ ഭർത്താവ് മരിച്ചതിൽ പിന്നെ കേട്ടു ശീലിച്ചതാണ്. വെങ്കിടി എപ്പോഴും ചോദിയ്ക്കുമായിരുന്നു, “അമ്മാ ഉനക്ക് ഇന്ത വയസാച്ച് അപ്പറം ഏൻ പുതു സേല?” കനകം കൂടി വീട്ടിൽ വന്നപ്പോൾ ആ പല്ലവി പലവുരു ആവർത്തിയ്ക്കപ്പെട്ടു. കണ്ണാടിയിൽ നോക്കുന്നതും നല്ല ഭക്ഷണം തരുന്നതും നല്ല കിടക്കയിൽ ഉറങ്ങുന്നതും വരെ പ്രായം പറഞ്ഞ് അവൾ നിഷേധിച്ചു. അതുകൊണ്ടും അവൾക്ക് തൃപ്തിയായില്ല. രുക്മിണിയമ്മാൾ ജോലി ചെയ്ത് കാശു കൊണ്ട് വരണമെന്നും നിർബന്ധം പിടിച്ചു. വാസ്തവത്തിൽ അവർക്കത് സന്തോഷമായിരുന്നു. അത്രനേരമെങ്കിലും ആ വീട്ടിൽ നിന്ന് പുറത്ത് കടക്കാം. മുറുമുറുപ്പുകൾ കേൾക്കുകയും വേണ്ട, അങ്ങനെയാണ് പാവ കച്ചവടം തുടങ്ങിയത്. തുണികൊണ്ട് അവർ നന്നായി പാവകൾ ഉണ്ടാക്കുമായിരുന്നു. പിന്നെ കുറച്ചൊക്കെ പ്ലാസ്റ്റിക് പാവകൾ കച്ചവടം കൂട്ടാൻ കനകം തന്നെ വാങ്ങിക്കൊണ്ടുവന്നു. അവ വിൽക്കാറില്ല. വിൽക്കാറില്ലെന്നല്ല ആരും വാങ്ങിയ്ക്കാറില്ല. വെറുതെ ഭംഗിയ്ക്ക് തുണിപ്പാവകൾക്കിടയിൽ വയ്ക്കും. രുക്മിണിയമ്മാളുടെ തുണിപ്പാവകൾ ആണ് ആളുകൾക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്. പ്ലാസ്റ്റിക് പാവകൾ രുക്മിണിയമ്മാളുടെ ജീവിതത്തിന് നിഴൽ പോലെ കൂട്ട് നടന്നു. ക്രമേണ അവരതിനോട് സംസാരിച്ചു തുടങ്ങി വേറാർക്കും അവർ പറയുന്നത് കേൾക്കാൻ സമയമോ താല്പര്യമോ ഇല്ലായിരുന്നു.
“രുക്കൂ... വേഗം വാങ്കോ..” സീതാംബാൾ വിളിച്ച് പറഞ്ഞു.
ക്ഷേത്രനടയിൽ എത്തിയിരിയ്ക്കുന്നു. ഇന്ന് നല്ല തിരക്കുണ്ട്. ഇന്ന് നല്ല കച്ചവടം ഉണ്ടാകും. സീതാംബാൾ താൻ വിൽക്കാൻ കൊണ്ട് വന്നതൊക്കെ ഉത്സാഹത്തോടെ നിരത്തിവച്ചു തുടങ്ങി. രുക്മിണിയമ്മാളും തന്റെ പാവകൾ ഒക്കെ എടുത്തു വച്ച. അവർ സീതാംബാളിനെ അസൂയയോടെ ഒന്ന് നോക്കി. ഭർത്താവ് മരിച്ചതിൽ പിന്നെ അവരൊറ്റയ്ക്കാണ്. ഒരു മകനോ മകളോ ഉണ്ടായില്ല. ഒറ്റയ്ക്ക് ജോലി ചെയ്ത് ജീവിയ്ക്കുന്നു. എത്ര ഭാഗ്യവതി! ആരുടേയും ശാപം കേൾക്കേണ്ടല്ലോ. തനിയ്ക്ക് ആരുമില്ലാത്തതിനെപ്പറ്റി ‘നാൻ തനി മനിഷൻ’ എന്നെപ്പോഴും പരാതി പറയും. രുക്മിണിയമ്മാൾ അറിയാതെ ചിരിച്ചുപോയി.
“അമ്മാ എനക്കത് വേണം...” രുക്മിണിയമ്മാൾ ചിന്തയിൽ നിന്നുണർന്നു. ഒരു ചെറിയ കുട്ടി അമ്മയെ ചേലയിൽ വലിച്ച് രുക്മിണിയമ്മാളുടെ അടുത്തേയ്ക്ക് കൊണ്ട് വരികയാണ്.
“എന്ന രാസാ ഉനക്കെന്ന വേണം” അവർ ചിരിച്ചുകൊണ്ടു ചോദിച്ചു.