സാമ്പിൾ / Free sample

കാവോൻ

ശ്യാം ഷീന

ഒന്ന് ഇരുൾ പരന്നു കഴിഞ്ഞു. എന്നാലും നല്ല നിലാവുണ്ട്. പൂമുഖത്തെ കെടാവിളക്കുകൾ ജ്വലിച്ചുകൊണ്ടേയിരിക്കുന്നു. പഴമയേറിയ തറവാടാണ്, പേരുകേട്ട തറവാടാണ്. അൽപം മാറിയാൽ, ഇടതൂർന്ന കാവും കുളവും ദേവതമാരും, പ്രകൃതിയെ കാത്തുകൊള്ളുന്ന അവരുടെ ശക്തി സ്രോതസും. അവിടം അങ്ങനെയൊരിടമാണെന്നും, അത് ആരുടെ തട്ടകമാണെന്നും നാടിനും അറിയാം, നാട്ടാർക്കുമറിയാം. പതിയെ രാക്കാറ്റു വീശുമ്പോൾ, കാവിന്റെ മുടിക്കെട്ടുകൾ ആടിയുലഞ്ഞ് ചെറിയ ചൂളംവിളികൾ അങ്ങോട്ടുമിങ്ങോട്ടും പതിയെ ഉയർന്നു താഴ്ന്നു. പുതിയ കരിയിലകളും പൂമ്പൊടികളും കാറ്റിൽ ഉതിർന്നു പോകുന്നു. ദേവതമാരുടെ മുന്നിലെ ദീപനാളങ്ങൾ നൃത്തം ചെയ്യുന്നു. നിലാവുള്ള രാത്രിയിലെ അന്നത്തെ ചന്ദ്രൻ നിറപുഞ്ചിരിയോടെ തിളങ്ങി നിൽക്കുന്നു. പതിയെ, ഒരു കറുത്ത മേഘം ചന്ദ്രനെ ലക്ഷ്യം വച്ചാണൊ നീങ്ങിവരുന്നത്? അവൻ ചന്ദ്രനെ പതിയെ കരിമ്പടം കൊണ്ട് മറച്ചു. രാക്കാറ്റ് പൊടുന്നനെ ഒന്ന് ആഞ്ഞുവീശാൻ തുടങ്ങി. കൽത്തറയിലെ ദീപനാളങ്ങൾ ആട്ടം നിർത്തി അണഞ്ഞ് പുകച്ചുരുൾ പ്രാപിച്ച് അപ്രത്യക്ഷമായി. അങ്ങനെ പാടില്ല. നിലാവിൽ കുളിച്ചു നിന്ന ശാന്തമായ ഒരു രാത്രിയെ മനപൂർവ്വം അങ്ങനെ വരുത്തി തീർക്കണമെങ്കിൽ, അതെന്തൊ പ്രത്യേകതയുളള രാത്രി തന്നെ. കരിയിലകൾ നിറഞ്ഞ കാവിലേക്കുള്ള പാതയിൽ നിന്ന് ആരുടേയൊ കാലൊച്ച പതിയെ ഉയർന്നു. ഈ സമയത്ത് അങ്ങനെയൊരു ശബ്ദം പുതിയതാണ്. ചെറിയ കാലുകൾ. ഒരു കുട്ടിയുടെ കാലുകൾ. പതിയെ മുന്നോട്ട്. തറവാട്ടിലേക്കു തിരിയുന്ന പാതയിലെത്തിയപ്പോൾ, അവിടെ ഒന്ന് നിന്നു. തല മുതൽ കീഴ്പോട്ട് മെയ്യും മാറും മുഴുവനായ് കരിമ്പടം പുതച്ചു നിലാവിനു കൺകെട്ടി, വെള്ളോട്ടെ കാവിലും കുളത്തിലും തറവാട്ടിലും കടന്നെത്തേണ്ടവൻ അവൻ തന്നെ. പ്രേതക്കുട്ടി! മുഖം കാണുന്നുവോ? ഇല്ല. നടന്നു, തറവാട്ടിലേക്ക്. എല്ലാം അനുകൂലം. പ്രകൃതിയും കനിവുകാണിക്കുന്നു. ഇതു തന്നെ ആ ദിവസം. അവൻ തറവാട്ടു മുറ്റത്തെ തുളസി തറയ്ക്കു പിന്നിലായി നിന്ന് പ്രാർത്ഥിച്ചു. കുനിഞ്ഞു കുമ്പിട്ട് മുട്ടിലിരുന്ന് തറവാട്ടു മണ്ണോടു ചേർന്ന് നമസ്കരിച്ചു. കുട്ടിമാളുവിന്റെ ഒരേയൊരു മകൻ, പത്തോളം പ്രായമെത്തി പത്താമുദയം കണ്ടു നിൽക്കുന്ന കേളു നിദ്രയിൽ നിന്നൊന്ന് ഞെട്ടി. കൃഷ്ണമണികൾ പരിഭ്രമിച്ചു വിറപൂണ്ടു കളിച്ചു. മെയ്യനങ്ങാൻ കഴിയുന്നില്ല. അൽപസമയം കഴിഞ്ഞ്, കാവിൽ അവസാനമായി ഒരു രാക്കാറ്റ് ആഞ്ഞുവീശി. പതിയെ നിന്നു. കേളുവിന്റെ കണ്ണുകൾക്ക് വീണ്ടും മയക്കം തട്ടി. തറവാടിന്റെ വലതുഭാഗത്തേക്കുള്ള ഇടവഴിയിലേക്ക്, ഇരുളിന്റെ മറവിലേക്ക് പ്രേതക്കുട്ടി നടന്നു നീങ്ങി മറഞ്ഞു. മുഖം കണ്ടുവൊ? ഇല്ല. പിറ്റേന്ന് നന്ത്യാരമ്മയുടെ നങ്ങേലി പശുവിനും സങ്കടം വന്നു. നങ്ങേലി പശു ചുരത്തിക്കൊടുത്ത പാലുമായി മടങ്ങുമ്പൊ, കേളുവിനെ വേറൊരു വഴി നടത്തിച്ചതാരപ്പാ! കൊയ്യോട്ട് കോറോത്ത് പോയി ചാത്തൻ തിറ കണ്ട് മടങ്ങി വന്ന താണു തമ്പ്രാനാണ് ചെക്കൻ ആ വഴി വന്ന കാര്യം അറിയിച്ചത്. അതുകേട്ട് തപ്പാൻ പോയ കേശവൻ നായരാണ് ആദ്യം കണ്ടത്. പൊയ്കയും കഴിഞ്ഞ് കയറി വന്ന്, തറവാട്ടുപറമ്പ് വരെ നീളുന്ന നാട്ടിടവഴിയുടെ മുക്കാൽ ഭാഗത്ത്, പാൽപാത്രം വീണു തുളുമ്പി പാല് മുഴുവനും മണ്ണോടും പുല്ലോടും ചേർന്നൊട്ടിയ അടയാളങ്ങൾ! അതുവഴി പാലും വാങ്ങി വരുന്ന നേരത്ത് കൈകൂപ്പി നിൽക്കുന്ന ചെറിയ കളിമൺ പ്രതിമ കേളുവിനെ കാത്തുനിൽപ്പുണ്ടായിരുന്നു. കൗതുകം തോന്നി കയ്യിലെടുത്തു. അതിന്റെ മെയ്യും മാറും, മറിച്ചും തിരിച്ചും നോക്കി. അതിന്റെ മിഴിയിലേക്കുള്ള അവസാന നോട്ടത്തിൽ കേളു കേളുവല്ലാതായി. പാൽപാത്രം കയ്യിൽ നിന്നു വഴുതിവീണു. കേളു പതിയെ മുന്നോട്ട് തന്നെ നടന്നു. കൈ പിടിച്ചു നടത്തിക്കാൻ ഒരാളുണ്ട്. അതെ, പുഴയും വയലും അതിരാണി പാടവും കഴിഞ്ഞ് ദൂരെ കരിയാന്മലയിലേക്ക് നടത്തിക്കാനാളുണ്ട്! നിന്നിടത്ത് നിന്നും അളന്നാൽ ഒരാകാശ ഉയരത്തിന്റെ നൂറിൽ രണ്ട് ഉയരമുണ്ട് കരിയാന്മലയ്ക്ക്. ജട പിടിച്ചു നിൽക്കുന്ന കരിയാന്മല. തപ്പി നടക്കുന്നോർക്കറിയുമൊ താണു തമ്പ്രാൻ പോയ ശേഷം പിന്നിൽ നടന്ന കേളു ചെക്കന്റെ ഇക്കഥ? ഇല്ല!

End of sample

Read the whole book

Order on WhatsApp — ₹540
← Back to the book · full details