സാമ്പിൾ / Free sample

കഥയന്തരേ സാ ദ്രൗപതി

വിനീത വിനി

ചീവീടുകള്‍ അരങ്ങൊഴിഞ്ഞ ഒരു പ്രഭാതം... പുല്‍നാമ്പുകളിലെ മഞ്ഞുകണങ്ങളില്‍ ഏതൊക്കെയോ ചെറുജീവികള്‍ സ്‌നാനം നടത്തി ആദിത്യനെ കാത്തിരിക്കുകയായിരുന്നു. മോട്ടോര്‍ വാഹനങ്ങള്‍ ഡി ജെ ആരംഭിക്കും മുന്‍പേ കുറച്ചു ശുദ്ധ സംഗീതം മനുഷ്യന്റെ മനസിനെ പുളകം കൊള്ളിക്കട്ടെ എന്ന് വാശി പിടിച്ച് കുരുവിക്കൂട്ടങ്ങളും, പക്ഷി വര്‍ഗ്ഗത്തിലെ ഗായകശ്രേഷ്ഠരും സാധകം തുടങ്ങിക്കഴിഞ്ഞു. ഇതെല്ലാം മനസുകൊണ്ട് കണ്ട് ചെറുചിരിയോടെ കണ്ണ് തുറക്കാതെ അവള്‍ കട്ടിലില്‍ നിവര്‍ന്നിരുന്നു. ഈയിടെയായി പതിവുള്ള മെഡിറ്റേഷന്‍ മനസിനെ പതിയെ ശാന്തമാക്കുന്നതിന്റെ സന്തോഷം, അവളുടെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു. പച്ച പുതച്ച ഏതോ താഴ്‌വരയിലൂടെ നഗ്നപാദങ്ങളാല്‍ നനവ് തൊട്ടറിഞ്ഞു കുളിരുമൂടിയ ദേഹത്തെ ഇരുകൈകളാലും പൊതിഞ്ഞു തനിയെ നടക്കുന്നതായി അവള്‍ സങ്കല്പിച്ചു. മാനും മയിലും കുയിലും ഒക്കെ തന്റെ കൂടെ ഉണ്ട്. വിരിഞ്ഞു നില്‍ക്കുന്ന ഒരു മുല്ലപ്പൂ കൈയ്യിലെടുത്ത് അവള്‍ അതിന്റെ സുഗന്ധം ആസ്വദിക്കാന്‍ ശ്രമിച്ചു. പക്ഷെ... മുല്ലപ്പൂവിന്റെ ഗന്ധം ഇതാണോ? ഇത്... ഇത് പാലപ്പൂവിന്റെ ഗന്ധമല്ലേ..? അവളുടെ മുഖം അസ്വസ്ഥമായി...അവളെ തലോടി കടന്നുപോയ തണുത്ത കാറ്റ് ആരുടെയോ നിശ്വാസമാണെന്ന് തോന്നി. ചെറു ചൂടുള്ള മറ്റൊരു ശരീരം, തന്നെ പൊതിയുന്ന പോലെ തോന്നി.. മനസ് അസ്വസ്ഥമാകുമ്പോഴും ശരീരത്തിലെ ഓരോ രോമവും എഴുന്നേറ്റ് വരുന്നപോലെ. ഏതോ ആലസ്യത്തില്‍ സ്വയം ഇല്ലാതാവുന്നു എന്ന് തോന്നിയപ്പോള്‍ താഴ്‌വാരവും തണുപ്പും ഒക്കെ അവിടെ വിട്ട് അവളുടെ മനസ് തന്റെ മുറിയിലേക്ക് പാഞ്ഞു. കൈവെള്ളകള്‍ കൂട്ടി തിരുമ്മി കണ്ണില്‍ വെച്ച് പതിയെ അവള്‍ കണ്ണ് തുറന്നു. തൊട്ടടുത്തിരുന്ന മൊബൈല്‍ ഫോണ്‍ ബെല്ലടിച്ചപ്പോള്‍ അവള്‍ അതെടുത്തു കാതോട് ചേർത്തുകൊണ്ട് എഴുന്നേറ്റു. ജനാലയ്ക്കടുത്തേക്ക് നീങ്ങി. കര്‍ട്ടന്‍ നീക്കി ജനല്‍പ്പാളി തുറന്നു. മതില്‍ക്കെട്ടിനപ്പുറത്തെ ഇരുനില വീടിന്റെ ബാല്‍ക്കണിയില്‍ അവളെ നോക്കി ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. അവള്‍ ഫോണിലൂടെ പറഞ്ഞു, “ഗുഡ് മോണിംഗ് ഗോപു...” അടുത്തു കിടന്ന ചാരുകസേരയിലേക്ക് ചുരുണ്ടുകൂടി ആ പെണ്‍കുട്ടി ഫോണിലൂടെ മറുപടി പറഞ്ഞു, “ഗുഡ് മോണിംഗ് നന്ദൂസ്.. എനിക്കുറക്കം മതിയായില്ലെടി.. ഞാന്‍ കുറച്ചൂടെ കിടക്കട്ടെ.” “ദേ ഗോപു, രാവിലെ തന്നെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ.. മതി ഉറങ്ങീത്. എണീറ്റു കുളിച്ചു ഫ്രഷ് ആയി വാ...” “എന്റെ പൊന്നല്ലേ... ഞാന്‍ ഇത്തിരി നേരം കൂടി ഉറങ്ങട്ടെടി.. ആകെ കിട്ടുന്ന സെക്കന്റ് സാറ്റര്‍ഡേ ആണ്...പ്ലീസ്.” “വേണ്ടാ. മതി ഉറങ്ങിയത്. രാത്രി കക്കാന്‍ പോയൊന്നുമില്ലല്ലോ. നല്ലോണം കിടന്നു ഉറങ്ങിയില്ലേ?” “നല്ലോണം കിടന്നു ഉറങ്ങിയെന്നോ...? ഞാനോ...! എന്റെ പൊന്നുമോളൊന്നു ഓര്‍ത്തു നോക്കിയേ എപ്പോഴാ ഇന്നലെ ഫോണ്‍ വെച്ചേന്ന്. അവളുടെ ഒരു പാലപ്പൂവും... ഗഗനദേവനും... സര്‍പ്പക്കാവും! എല്ലാം കൂടെ കേട്ട് ഉറങ്ങാന്‍ കിടന്നാല്‍ ഉറക്കം വരോ...? അതും ഇല്ല. എന്നിട്ട് നേരം വെളുക്കും മുന്‍പ് എണീക്കാന്‍! ഞാന്‍ എണീക്കൂല. നീ ഫോണ്‍ വെച്ചോ. എന്നിട്ട് ഒരു രണ്ടു മണിക്കൂര്‍ കഴിഞ്ഞ് വിളിക്കൂ... ഓക്കേ.. ബൈ ഗുഡ് നൈറ്റ്” ഫോണ്‍ കട്ടാക്കി അവളെ നോക്കി കൈ കാണിച്ചു ഗോപു അകത്തേക്ക് കയറി വാതില്‍ അടച്ചു. അവള്‍ ചിരിച്ചുകൊണ്ട് ഫോണ്‍ അടുത്തു കിടന്ന മേശപ്പുറത്തേക്ക് വെച്ചു. എന്നിട്ട് അടുക്കള ലക്ഷ്യമാക്കി നടന്നു. അടുക്കളയില്‍ ആവി പറക്കുന്ന ചായക്കപ്പുമായി അമ്മ നില്പ്പുണ്ടായിരുന്നു. “ഗുഡ് മോണിംഗ് അമ്മാ.” “ഗുഡ് മോണിംഗ്. എണീറ്റോ നീ. എന്റെ നന്ദൂട്ടി, നിനക്ക് ഉറക്കൊന്നൂല്ലേ...? ഇന്നലെ ഏതാണ്ട് ഒരു മണി വരെ റൂമില്‍ ലൈറ്റ് ഉണ്ടായിരുന്നല്ലോ. ആ നേരം വരെ നീയൊക്കെ എന്താ ഈ ഫോണില്‍ ചെയ്യുന്നെ? പൊന്നുമോളേ, വല്ല പ്രേമോം ആണോടി? അമ്മയോടൊന്നു പറഞ്ഞേക്കണേ... വേറെ ചെക്കനെ നോക്കി ബുദ്ധിമുട്ടണ്ടല്ലോ...” “ഒന്നു പോ അമ്മാ... ഗോപു ആയിരുന്നു.” ഫ്‌ളാസ്‌കില്‍ നിന്നു ചായ എടുത്തു നന്ദു അമ്മയ്‌ക്കൊപ്പം ഡൈനിംഗ് ടേബിളില്‍ വന്നിരുന്നു. ചായ കുടിച്ചുകൊണ്ട് അമ്മ ചോദിച്ചു. “ഗോപുവോ...? രാവിലെ എഴുന്നേല്‍ക്കുമ്പോ മുതല്‍ രാത്രി അത്താഴം വരെ ഒന്നിച്ചല്ലേ നടക്കുന്നെ..? പിന്നെ എന്നതാ കുഞ്ഞേ ഫോണില്‍കൂടി ഈ പറയുന്നെ?” “അതൊക്കെ ഉണ്ട്... രാവിലെ എന്താ ബ്രേക്ക് ഫാസ്റ്റ്? അമ്മ അത് പറ..!” “ദോശമാവിരിപ്പുണ്ട്.. അത് പോരെ... നന്ദു...” പൊതുവെ പാചകത്തില്‍ മടിയുള്ള നന്ദുന്റെ അമ്മക്ക്‌ ദോശ ഉണ്ടാക്കുന്നത് തന്നെ ആനക്കാര്യമാണ്.

End of sample

Read the whole book

Order on WhatsApp — ₹270
← Back to the book · full details