സാമ്പിൾ / Free sample
അന്ത്യ പ്രണാമം
ആർതർ കോനൻ ഡോയൽ
വിചിത്രമായ ഒരു ടെലിഗ്രാം, ഒരു രാത്രികൊണ്ട് ജീവിതം മാറിമറിഞ്ഞ മനുഷ്യൻ — വിസ്റ്റീരിയ ലോഡ്ജിലെ കഥ.
ഒറിജിനൽ വില ₹32028% ഓഫ്
₹229
₹91 ലാഭം · തപാൽ ഉൾപ്പെടെ
പുസ്തകം ₹260 + തപാൽ ₹60 = ₹320
വിസ്റ്റീരിയ ലോഡ്ജിലെ സാഹസികയാത്ര
എന്റെ നോട്ടുപുസ്തകത്തിൽ ഞാൻ കുറിച്ചിട്ടിരിക്കുന്നത്, 1892-ലെ മാർച്ച് മാസാവസാനത്തിലെ മൂകവും കാറ്റുള്ളതുമായ ഒരു ദിവസമായിരുന്നു അതെന്നാണ്. ഞങ്ങൾ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഷെർലക് ഹോംസിന് ഒരു ടെലിഗ്രാം ലഭിക്കുകയും അതിനൊരു മറുപടി കുത്തിക്കുറിക്കുകയും ചെയ്തു. അദ്ദേഹം ഒന്നും മിണ്ടിയില്ല, പക്ഷേ ആ വിഷയം അദ്ദേഹത്തിന്റെ ചിന്തകളിൽ തങ്ങിനിന്നു. കാരണം, അതിനുശേഷം അദ്ദേഹം ചിന്താമഗ്നനായി നെരിപ്പോടിനു മുന്നിൽ നിന്നു, തന്റെ പൈപ്പ് വലിച്ചുകൊണ്ട് ഇടയ്ക്കിടെ ആ സന്ദേശത്തിലേക്ക് നോക്കുന്നുമുണ്ടായിരുന്നു. പെട്ടെന്ന്, കണ്ണുകളിൽ ഒരു കുസൃതിച്ചിരിയോടെ അദ്ദേഹം എന്റെ നേരെ തിരിഞ്ഞു.
“വാട്സൺ, താങ്കളെ ഒരെഴുത്തുകാരനായിത്തന്നെ കണക്കാക്കണമല്ലോ,” അദ്ദേഹം പറഞ്ഞു. “‘grotesque’ എന്ന വാക്കിനെ താങ്കൾ എങ്ങനെയാണ് നിർവചിക്കുക?”
“വിചിത്രമായ—അസാധാരണമായ,” ഞാൻ അഭിപ്രായപ്പെട്ടു.
എന്റെ നിർവചനത്തിൽ അദ്ദേഹം തല കുലുക്കി.
“അതിലുമെന്തോ കൂടുതലുണ്ട്,” അദ്ദേഹം പറഞ്ഞു; “ദുരന്തപൂർണ്ണവും ഭയാനകവുമായ ഒന്നിന്റെ അന്തർധാര അതിലുണ്ട്. ദീർഘകാലമായി സഹിച്ചുകൊണ്ടിരിക്കുന്ന പൊതുജനങ്ങളെ താങ്കൾ ബുദ്ധിമുട്ടിച്ച ആ വിവരണങ്ങളിലേക്ക് ഓർമ്മയൊന്നു പായിച്ചാൽ, വിചിത്രമായ കാര്യങ്ങൾ എത്രയോ തവണ കുറ്റകൃത്യങ്ങളിലേക്ക് ആഴ്ന്നിറങ്ങിയെന്ന് താങ്കൾക്ക് മനസ്സിലാകും. ചുവന്ന മുടിയുള്ളവരുടെ ആ ചെറിയ സംഭവം ഓർത്തുനോക്കൂ. തുടക്കത്തിൽ അത് വളരെ വിചിത്രമായി തോന്നിയിരുന്നു, എന്നിട്ടും അതിന്റെ അവസാനം വലിയൊരു കവർച്ചാശ്രമത്തിലായിരുന്നു. അല്ലെങ്കിൽ, അഞ്ച് ഓറഞ്ച് കുരുക്കളുടെ ആ അതിവിചിത്രമായ സംഭവം തന്നെയെടുക്കാം, അത് നേരെ ചെന്നെത്തിയത് ഒരു കൊലപാതക ഗൂഢാലോചനയിലായിരുന്നു. ആ വാക്ക് എന്നെ ജാഗരൂകനാക്കുന്നു.”
“അത് കയ്യിലുണ്ടോ?” ഞാൻ ചോദിച്ചു.
അദ്ദേഹം ആ ടെലിഗ്രാം ഉറക്കെ വായിച്ചു.
“അവിശ്വസനീയവും വിചിത്രവുമായ ഒരനുഭവം ഇപ്പോഴുണ്ടായി. അങ്ങയെ വന്നു കാണാമോ?
“സ്കോട്ട് എക്കിൾസ്, “പോസ്റ്റ് ഓഫീസ്, ചാറിംഗ് ക്രോസ്.”
“പുരുഷനോ സ്ത്രീയോ?” ഞാൻ ചോദിച്ചു.
“ഓ, പുരുഷൻ തന്നെ, തീർച്ച. ഒരു സ്ത്രീയും മറുപടിക്ക് പണമടച്ചുള്ള ടെലിഗ്രാം അയക്കില്ല. അവർ നേരിട്ട് വരികയേ ചെയ്യൂ.”
“താങ്കൾ അയാളെ കാണുന്നുണ്ടോ?”
“എന്റെ പ്രിയപ്പെട്ട വാട്സൺ, കേണൽ കറൂതേഴ്സിനെ നമ്മൾ പൂട്ടിയതിന് ശേഷം എനിക്കെത്രമാത്രം വിരസതയുണ്ടെന്ന് താങ്കൾക്കറിയാമല്ലോ. അതിനെ നിർമ്മിച്ച ജോലിയിൽ ഘടിപ്പിക്കാത്തതുകൊണ്ട് സ്വയം തകർന്നുപോകുന്ന ഒരു റേസിംഗ് എഞ്ചിൻ പോലെയാണ് എന്റെ മനസ്സ്. ജീവിതം സാധാരണമായിരിക്കുന്നു, പത്രങ്ങളെല്ലാം ഊഷരമാണ്; കുറ്റകൃത്യങ്ങളുടെ ലോകത്തുനിന്ന് സാഹസികതയും കാല്പനികതയും എന്നെന്നേക്കുമായി അപ്രത്യക്ഷമായതുപോലെ. അങ്ങനെയെങ്കിൽ, ഒരു പുതിയ പ്രശ്നം എത്ര നിസ്സാരമാണെന്ന് തെളിഞ്ഞാലും അത് പരിശോധിക്കാൻ ഞാൻ തയ്യാറാണോ എന്ന് താങ്കൾക്ക് ചോദിക്കാൻ കഴിയുമോ? പക്ഷേ, ഇതാ, എനിക്ക് തെറ്റുപറ്റിയിട്ടില്ലെങ്കിൽ, നമ്മുടെ കക്ഷി വന്നെത്തിയിരിക്കുന്നു.”
കോണിപ്പടിയിൽ താളാത്മകമായ കാലൊച്ച കേട്ടു, ഒരു നിമിഷത്തിനകം, തടിച്ച് ഉയരമുള്ള, നരച്ച കവിൾമീശയോടുകൂടിയ, ഗൗരവഭാവമുള്ള ഒരു മാന്യൻ മുറിയിലേക്ക് ആനയിക്കപ്പെട്ടു. അദ്ദേഹത്തിന്റെ തടിച്ച മുഖഭാവങ്ങളിലും ആഡംബരപൂർണ്ണമായ പെരുമാറ്റത്തിലും അദ്ദേഹത്തിന്റെ ജീവിതകഥ മുഴുവൻ എഴുതിവെച്ചിരുന്നു. പാദരക്ഷകൾ മുതൽ സ്വർണ്ണഫ്രെയിമുള്ള കണ്ണട വരെ നോക്കിയാൽ അറിയാമായിരുന്നു, അദ്ദേഹം ഒരു കൺസർവേറ്റീവും, തികഞ്ഞ പള്ളിവിശ്വാസിയും, നല്ലൊരു പൗരനും, അങ്ങേയറ്റം യാഥാസ്ഥിതികനും കീഴ്‌വഴക്കങ്ങൾ പാലിക്കുന്നവനുമാണെന്ന്. എന്നാൽ അവിശ്വസനീയമായ ഏതോ ഒരനുഭവം അദ്ദേഹത്തിന്റെ സഹജമായ ആത്മസംയമനത്തെ ഉലയ്ക്കുകയും, അതിന്റെ അടയാളങ്ങൾ അദ്ദേഹത്തിന്റെ എഴുന്നുനിന്ന മുടിയിലും, ചുവന്നുതുടുത്ത കോപാകുലമായ കവിളുകളിലും, വെപ്രാളം നിറഞ്ഞ പെരുമാറ്റത്തിലും അവശേഷിപ്പിക്കുകയും ചെയ്തിരുന്നു. വന്നയുടൻ തന്നെ അദ്ദേഹം കാര്യത്തിലേക്ക് കടന്നു.
“എനിക്ക് വളരെ വിചിത്രവും അസുഖകരവുമായ ഒരനുഭവമുണ്ടായി, മിസ്റ്റർ ഹോംസ്,” അയാൾ പറഞ്ഞു. “എന്റെ ജീവിതത്തിലിന്നേവരെ ഞാനിങ്ങനെയൊരു സാഹചര്യത്തിൽ പെട്ടിട്ടില്ല. ഇത് തീർത്തും അനുചിതമാണ്—അങ്ങേയറ്റം നിന്ദ്യവും. എനിക്കൊരു വിശദീകരണം കിട്ടിയേ തീരൂ.” കോപം കൊണ്ട് വിറച്ച് അയാൾ കിതച്ചു.
“ദയവായി ഇരിക്കൂ, മിസ്റ്റർ സ്കോട്ട് എക്കിൾസ്,” ശാന്തമായ സ്വരത്തിൽ ഹോംസ് പറഞ്ഞു. “ആദ്യം തന്നെ ഞാനൊന്ന് ചോദിച്ചോട്ടെ, എന്തിനാണ് താങ്കൾ എന്റെയടുത്ത് വന്നത്?”
“അതായത് സർ, ഇത് പോലീസിനെ അറിയിക്കേണ്ട ഒരു വിഷയമായി തോന്നിയില്ല. എങ്കിലും, കാര്യങ്ങൾ കേട്ടുകഴിയുമ്പോൾ താങ്കൾക്കും സമ്മതിക്കേണ്ടി വരും, എനിക്കിത് ഇങ്ങനെ വിട്ടുകളയാൻ സാധിക്കുമായിരുന്നില്ലെന്ന്. സ്വകാര്യ കുറ്റാന്വേഷകർ എനിക്ക് തീരെ മതിപ്പില്ലാത്ത ഒരു വിഭാഗമാണ്, എന്നിരുന്നാലും, താങ്കളുടെ പേര് കേട്ടതുകൊണ്ട്—”
“ശരിയാണ്. പക്ഷേ, രണ്ടാമതായി, എന്തുകൊണ്ട് താങ്കൾ ഉടൻ വന്നില്ല?”
ഹോംസ് തന്റെ വാച്ചിലേക്ക് ഒന്നു നോക്കി.
“സമയം രണ്ടേകാൽ,” അദ്ദേഹം പറഞ്ഞു. “നിങ്ങളുടെ ടെലിഗ്രാം അയച്ചിരിക്കുന്നത് ഒരു മണിയോടടുത്താണ്. എന്നാൽ നിങ്ങളുടെ വേഷവിധാനത്തിലേക്ക് ഒന്നു നോക്കിയാൽ ആർക്കും മനസ്സിലാകും, താങ്കളുടെ ഈ പരിഭ്രമം തുടങ്ങിയത് ഇന്ന് രാവിലെ ഉറക്കമുണർന്നപ്പോൾ മുതലാണെന്ന്.”
ഞങ്ങളുടെ കക്ഷി ചീകിയൊതുക്കാത്ത തന്റെ മുടി കൈകൊണ്ടൊതുക്കി, വടിക്കാത്ത താടിയിൽ തടവി.
“മിസ്റ്റർ ഹോംസ്, താങ്കൾ പറഞ്ഞത് ശരിയാണ്. എന്റെ വേഷത്തെക്കുറിച്ചൊന്നും ഞാൻ ചിന്തിച്ചതേയില്ല. അങ്ങനെയൊരു വീട്ടിൽ നിന്ന് പുറത്തുകടക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലായിരുന്നു ഞാൻ. പക്ഷെ, താങ്കളുടെയടുത്തേക്ക് വരുന്നതിനു മുൻപ് ഞാൻ ചില അന്വേഷണങ്ങൾക്കായി ഓടിനടക്കുകയായിരുന്നു. ഞാൻ ഹൗസ് ഏജന്റുമാരുടെയടുത്ത് പോയിരുന്നു, അവർ പറഞ്ഞത് മിസ്റ്റർ ഗാർഷ്യയുടെ വാടകയൊക്കെ കൃത്യമായി അടച്ചിട്ടുണ്ടെന്നും വിസ്റ്റീരിയ ലോഡ്ജിൽ എല്ലാം ഭദ്രമാണെന്നുമാണ്.”
“അതൊന്നും സാരമില്ല, സർ,” ഹോംസ് ചിരിച്ചുകൊണ്ട് പറഞ്ഞു. “താങ്കൾ എന്റെ സുഹൃത്ത് ഡോ. വാട്സണെപ്പോലെയാണ്, കഥകൾ അവസാനത്തിൽ നിന്ന് തുടങ്ങുന്ന ഒരു ദുശ്ശീലം അദ്ദേഹത്തിനുണ്ട്. ദയവായി താങ്കളുടെ ചിന്തകളൊന്ന് അടുക്കിപ്പെറുക്കി, മുടിചീകാതെ, അലസവേഷത്തിൽ, വെയിസ്റ്റ്‌കോട്ടിന്റെ കുടുക്കുകൾ തെറ്റിച്ചിട്ട്, ഡ്രസ്സ് ബൂട്ടുകളുമണിഞ്ഞ് ഉപദേശവും സഹായവും തേടി ഇങ്ങനെ ഇറങ്ങിപ്പുറപ്പെടാൻ ഇടയാക്കിയ സംഭവങ്ങൾ എന്തെല്ലാമാണെന്ന് അവയുടെ ക്രമത്തിൽ എന്നോട് പറയൂ.”
