സാമ്പിൾ / Free sample
ചതിയുടെ കപ്പൽ
റോബർട്ട് ലൂയി സ്റ്റീവൻസൺ
പതിനേഴുകാരൻ ഡേവിഡ് ബാൽഫോർ അച്ഛന്റെ വീടിന്റെ വാതിൽ അവസാനമായി അടയ്ക്കുന്നു — ചതിയുടെ കപ്പലിലേക്കുള്ള യാത്ര ഇവിടെ തുടങ്ങുന്നു.
ഒറിജിനൽ വില ₹50029% ഓഫ്
₹357
₹143 ലാഭം · തപാൽ ഉൾപ്പെടെ
പുസ്തകം ₹440 + തപാൽ ₹60 = ₹500
ഹൗസ് ഓഫ് ഷാസിലേക്കുള്ള എന്റെ യാത്രയുടെ തുടക്കം
എന്റെ സാഹസങ്ങളുടെ കഥ ഞാൻ തുടങ്ങുന്നത് 1751 ജൂൺ മാസത്തിന്റെ തുടക്കത്തിലെ ഒരു പ്രഭാതത്തിൽ നിന്നാണ്; അന്നെന്റെ അച്ഛന്റെ വീടിന്റെ വാതിൽ ഞാൻ അവസാനമായി താക്കോലെടുത്ത് പൂട്ടി. ഞാൻ ആ വഴിയിറങ്ങുമ്പോൾ കുന്നിൻമുകളിൽ സൂര്യരശ്മി വീണു തുടങ്ങിയിരുന്നു; പുരോഹിതമന്ദിരത്തിനരികിലെത്തിയപ്പോഴേക്കും, പൂന്തോട്ടത്തിലെ ലൈലാക്ക് ചെടികൾക്കിടയിലിരുന്ന് കരിങ്കുയിലുകൾ ചൂളമടിക്കുന്നുണ്ടായിരുന്നു, പുലർകാലത്ത് താഴ്‌വരയാകെ മൂടിനിന്നിരുന്ന മഞ്ഞ് പതിയെ ഉയർന്നു മാഞ്ഞുപോവാനും തുടങ്ങിയിരുന്നു.
എസ്സൻഡീനിലെ പുരോഹിതനായ മിസ്റ്റർ കാംപ്‌ബെൽ, ആ നല്ല മനുഷ്യൻ, പൂന്തോട്ടവാതിൽക്കൽ എന്നെയും കാത്തുനിൽപ്പുണ്ടായിരുന്നു. ഞാൻ പ്രഭാതഭക്ഷണം കഴിച്ചോ എന്ന് അദ്ദേഹം ചോദിച്ചു; ഒന്നിനും ഒരു കുറവുമില്ലെന്നറിഞ്ഞപ്പോൾ, അദ്ദേഹം എന്റെ കൈ തന്റെ ഇരുകൈകളും കൊണ്ട് പൊതിഞ്ഞുപിടിച്ച് സ്നേഹത്തോടെ കക്ഷത്തിലൊതുക്കി.
“എന്നാൽ, ഡേവി മോനേ,” അദ്ദേഹം പറഞ്ഞു, “വഴി കാട്ടിത്തരാനായി അരുവിക്കടവ് വരെ ഞാനും നിന്റെ കൂടെ വരാം.” പിന്നീട് ഞങ്ങൾ നിശ്ശബ്ദരായി മുന്നോട്ട് നടന്നു.
“എസ്സൻഡീൻ വിട്ടുപോകുന്നതിൽ നിനക്ക് സങ്കടമുണ്ടോ?” കുറച്ചുനേരം കഴിഞ്ഞ് അദ്ദേഹം ചോദിച്ചു.
“അതിപ്പോ, സർ,” ഞാൻ പറഞ്ഞു, “ഞാൻ എങ്ങോട്ടാണ് പോകുന്നതെന്നോ, എനിക്കെന്ത് ഭവിക്കുമെന്നോ വല്ല നിശ്ചയവുമുണ്ടായിരുന്നെങ്കിൽ ഞാൻ അങ്ങയോട് തുറന്നുപറഞ്ഞേനെ. എസ്സൻഡീൻ തീർച്ചയായും നല്ലൊരു സ്ഥലമാണ്, ഞാനിവിടെ വളരെ സന്തോഷവാനായിരുന്നു; പക്ഷേ ഞാനിതുവരെ മറ്റൊരിടത്തും പോയിട്ടില്ലല്ലോ. അച്ഛനും അമ്മയും മരിച്ചുപോയ സ്ഥിതിക്ക്, ഞാൻ എസ്സൻഡീനിൽ നിന്നാലും ഹംഗറി രാജ്യത്ത് പോയാലും അവരുമായുള്ള അകലത്തിന് മാറ്റമൊന്നും വരാൻ പോകുന്നില്ല. സത്യം പറഞ്ഞാൽ, പോകുന്നിടത്ത് എന്റെ ജീവിതം മെച്ചപ്പെടുത്താൻ ഒരവസരമുണ്ടെന്ന് തോന്നിയാൽ ഞാൻ സന്തോഷത്തോടെ തന്നെ പോകും.”
“ആണോ?” മിസ്റ്റർ കാംപ്‌ബെൽ ചോദിച്ചു. “വളരെ നല്ലത്, ഡേവി. എങ്കിൽ നിന്റെ ഭാവി എന്താണെന്ന് നിന്നോട് പറയേണ്ടത് എന്റെ കടമയാണ്; അല്ലെങ്കിൽ എനിക്കറിയാവുന്നിടത്തോളം. നിന്റെ അമ്മ മരിക്കുകയും, നിന്റെ അച്ഛൻ (ആ നല്ലവനായ ക്രിസ്ത്യാനി) മരണാസന്നനായി കിടപ്പിലാവുകയും ചെയ്തപ്പോൾ, അദ്ദേഹം ഒരു കത്ത് എന്നെ ഏൽപ്പിച്ചു. അത് നിന്റെ പിന്തുടർച്ചാ സ്വത്താണെന്നാണ് അദ്ദേഹം പറഞ്ഞത്. ‘ഞാൻ മരിച്ച്, വീടൊക്കെ ഒതുക്കിപ്പെറുക്കി, സാധനങ്ങളൊക്കെ വേണ്ടത് ചെയ്തുകഴിഞ്ഞാൽ ഉടൻ,’ അദ്ദേഹം പറഞ്ഞു, (അതെല്ലാം നമ്മൾ ചെയ്തല്ലോ, ഡേവി), ‘എന്റെ മകന്റെ കയ്യിൽ ഈ കത്ത് കൊടുക്കണം. എന്നിട്ട് അവനെ ക്രാമണ്ടിനടുത്തുള്ള ഹൗസ് ഓഫ് ഷാസിലേക്ക് യാത്രയാക്കണം. ഞാൻ വന്നത് അവിടുന്നാണ്,’ അദ്ദേഹം പറഞ്ഞു, ‘എന്റെ മകൻ തിരിച്ചുചെല്ലേണ്ടതും അങ്ങോട്ടുതന്നെ. അതാണ് അതിന്റെ ശരി. അവനൊരു സ്ഥിരബുദ്ധിയുള്ള ചെറുപ്പക്കാരനാണ്,’ നിന്റെ അച്ഛൻ പറഞ്ഞു, ‘കാര്യങ്ങൾ സൂക്ഷിച്ചുചെയ്യുന്നവൻ. അവൻ സുരക്ഷിതനായി അവിടെയെത്തുമെന്നും, ചെല്ലുന്നിടത്ത് നന്നായി ജീവിക്കുമെന്നും എനിക്ക് സംശയമൊന്നുമില്ല.’”
“ഹൗസ് ഓഫ് ഷാസോ!” ഞാൻ വിളിച്ചുപറഞ്ഞു. “എന്റെ പാവം അച്ഛന് ഹൗസ് ഓഫ് ഷാസുമായി എന്തു ബന്ധം?”
“അതാരറിഞ്ഞു,” മിസ്റ്റർ കാംപ്‌ബെൽ പറഞ്ഞു, “അക്കാര്യം ആർക്കാണ് ഉറപ്പിച്ചു പറയാനാവുക? പക്ഷേ ഡേവി മോനേ, ആ കുടുംബത്തിന്റെ പേരാണ് നീയും പേറുന്നത്—ഷാസിലെ ബാൽഫർമാർ: പുരാതനവും സത്യസന്ധവും പേരുകേട്ടതുമായ ഒരു തറവാട്. ഒരുപക്ഷേ ഈയിടെയായി അല്പം ക്ഷയിച്ചുപോയിരിക്കാം. നിന്റെ അച്ഛനും അദ്ദേഹത്തിന്റെ സ്ഥാനത്തിനു ചേർന്ന പാണ്ഡിത്യമുള്ളയാളായിരുന്നു; അദ്ദേഹത്തെക്കാൾ ഭംഗിയായി ഒരു പള്ളിക്കൂടം നടത്തിയ മറ്റൊരാളുണ്ടാവില്ല; ഒരു സാധാരണ സ്കൂൾമാഷുടെ പെരുമാറ്റമോ സംസാരരീതിയോ ആയിരുന്നില്ല അദ്ദേഹത്തിന്റേത്; പക്ഷേ (നിനക്കോർമ്മയുണ്ടാകുമല്ലോ) പ്രമാണിമാരുമായി കൂടിക്കാഴ്ച നടത്താൻ അദ്ദേഹത്തെ പള്ളിമേടയിലേക്ക് ക്ഷണിക്കുന്നത് എനിക്കെന്നും സന്തോഷമുള്ള കാര്യമായിരുന്നു; എന്റെ സ്വന്തം കുടുംബക്കാരായ കിൽറെന്നറ്റിലെ കാംപ്‌ബെൽ, ഡൺസ്വയറിലെ കാംപ്‌ബെൽ, മിഞ്ചിലെ കാംപ്‌ബെൽ തുടങ്ങിയ പേരുകേട്ട പ്രമാണിമാരെല്ലാം അദ്ദേഹത്തിന്റെ സാമീപ്യം ഇഷ്ടപ്പെട്ടിരുന്നു. അവസാനമായി, ഈ വിഷയത്തിന്റെ എല്ലാ വശങ്ങളും നിന്റെ മുന്നിൽ വെക്കുന്നതിന്റെ ഭാഗമായി, ഇതാ ആ മരണപത്രം, നമ്മെ വിട്ടുപിരിഞ്ഞ നമ്മുടെ സഹോദരൻ സ്വന്തം കൈപ്പടയിൽ മേലെഴുതിയത്.”
അദ്ദേഹം എനിക്ക് കത്ത് തന്നു. അതിന് പുറത്ത് ഇങ്ങനെ എഴുതിയിരുന്നു: “ഷാസിലെ ഹൗസ് ഓഫ് ഷാസിൽ താമസിക്കുന്ന എബനേസർ ബാൽഫർ അവർകൾക്ക്, ഈ കത്ത് എന്റെ മകൻ ഡേവിഡ് ബാൽഫർ എത്തിച്ചുതരുന്നതാണ്.” എട്രിക് വനത്തിലെ ഒരു പാവം നാട്ടിൻപുറത്തുകാരനായ സ്കൂൾമാഷുടെ മകനായ, പതിനേഴ് വയസ്സുമാത്രം പ്രായമുള്ള എന്റെ മുന്നിൽ പെട്ടെന്ന് തുറന്നുകിട്ടിയ ഈ വലിയ ഭാഗ്യം ഓർത്തപ്പോൾ എന്റെ ഹൃദയം ശക്തിയായി ഇടിച്ചു.
“മിസ്റ്റർ കാംപ്‌ബെൽ,” ഞാൻ വിക്കി, “അങ്ങ് എന്റെ സ്ഥാനത്തായിരുന്നെങ്കിൽ, പോകുമായിരുന്നോ?”
“ഉറപ്പായും,” പാതിരി പറഞ്ഞു, “ഒരു മടിയുമില്ലാതെ ഞാനത് ചെയ്യും. നിന്നെപ്പോലൊരു മിടുക്കൻ പയ്യന് ക്രാമണ്ടിലേക്ക് (അത് എഡിൻബറയ്ക്ക് അടുത്താണ്) നടന്നെത്താൻ രണ്ടു ദിവസം മതി. ഏറ്റവും മോശം സംഭവിച്ചാൽ പോലും, നിന്റെ വലിയ ബന്ധുക്കൾ (അവർ നിന്റെ രക്തബന്ധത്തിലുള്ളവരാണെന്ന് ഞാൻ ഊഹിക്കുന്നു) നിന്നെ പുറത്താക്കുകയാണെങ്കിൽ, നിനക്ക് ആ രണ്ടു ദിവസം തിരികെ നടന്ന് ഈ പള്ളിമേടയുടെ വാതിലിൽ വന്ന് മുട്ടാമല്ലോ. പക്ഷേ, നിന്റെ പാവം അച്ഛൻ ആഗ്രഹിച്ചതുപോലെ നിനക്ക് നല്ല സ്വീകരണം ലഭിക്കുമെന്നും, കാലക്രമേണ നീ ഒരു വലിയ മനുഷ്യനായിത്തീരുമെന്നും ഞാൻ പ്രത്യാശിക്കുന്നു. പിന്നെ ഡേവി, മോനേ,” അദ്ദേഹം തുടർന്നു, “ഈ വേർപിരിയൽ വേളയിൽ നിനക്ക് ചില ഉപദേശങ്ങൾ തന്ന്, ലോകത്തിലെ അപകടങ്ങളെക്കുറിച്ച് ഒരു മുന്നറിയിപ്പ് നൽകേണ്ടത് എന്റെ കടമയായി ഞാൻ കരുതുന്നു.”
അതുപറഞ്ഞ് അദ്ദേഹം ഇരിക്കാനൊരു സൗകര്യമുള്ള സ്ഥലം പരതി. വഴിയരികിൽ ഒരു ബിർച്ച് മരച്ചുവട്ടിൽ കണ്ട വലിയ പാറക്കല്ലിൽ അദ്ദേഹം ഇരിപ്പുറപ്പിച്ചു. അദ്ദേഹത്തിന്റെ മേൽച്ചുണ്ട് ഗൗരവത്തോടെ താഴേക്ക് തൂങ്ങിക്കിടന്നു. അപ്പോൾ രണ്ടു കൊടുമുടികൾക്കിടയിലൂടെ സൂര്യരശ്മി ഞങ്ങളുടെ മേൽ പതിക്കുന്നുണ്ടായിരുന്നു. വെയിലിൽനിന്നു രക്ഷനേടാനായി അദ്ദേഹം തന്റെ തൂവാലയെടുത്ത് തലയിലെ തൊപ്പിക്ക് മുകളിലിട്ടു. അവിടെയിരുന്ന്, ചൂണ്ടുവിരലുയർത്തി, അദ്ദേഹം ആദ്യമായി എനിക്കൊരു പ്രലോഭനവുമില്ലാതിരുന്ന കുറെ മതവിരുദ്ധചിന്തകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി. പ്രാർത്ഥനയിലും ബൈബിൾ വായനയിലും ഒരു വീഴ്ചയും വരുത്തരുതെന്ന് എന്നെ ഓർമ്മിപ്പിച്ചു. അതിനുശേഷം, ഞാൻ പോകാനൊരുങ്ങുന്ന ആ വലിയ വീടിനെക്കുറിച്ചും അവിടുത്തെ താമസക്കാരോട് ഞാൻ എങ്ങനെ പെരുമാറണമെന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
