സാമ്പിൾ / Free sample

അസൈലം

വയനാടൻ തമ്പാൻ

1974, സെപ്റ്റംബർ 13, വെള്ളിയാഴ്ച രാത്രി അതിന്റെ എല്ലാ നിഗൂഢതകളും പേറി നിൽക്കുന്ന സമയം.ഇരുളിന്റെ കറുത്ത കരിമ്പടത്തിലേക്ക് മഴയുടെ നിലവിട്ട ചൊരിച്ചിൽ കൂടിയായപ്പോൾ ആ വെള്ളിയാഴ്ച കൂടുതൽ വന്യമായി അനുഭവപ്പെടുന്നു. മെർക്കാട താഴ്‌വരയിൽ ഒരു കുന്നിന്റെ മുകളിലാണ് അസൈലം സ്ഥിതിചെയ്യുന്നത്. വിക്ടോറിയൻ കാലഘട്ടത്തിന്റെ നിർമ്മാണ ശൈലിയിൽ നിർമ്മിക്കപ്പെട്ട കോട്ട പോലുള്ള വലിയ കെട്ടിടം. അതിനെ ചുറ്റി ഉണ്ടായിരുന്ന മതിൽക്കെട്ട് പലയിടത്തും പൊളിഞ്ഞു പോയിട്ടുണ്ട്. അർദ്ധവൃത്താകൃതിയിലുള്ള പ്രവേശനകവാടത്തിൽ മെർക്കാട അസൈലം എന്നെഴുതിയ ബോർഡിലെ അക്ഷരങ്ങൾ കാലപ്പഴക്കത്തിൽ മങ്ങിയും, തുരുമ്പിച്ചും കാണപ്പെടുന്നുണ്ട്. ഗേറ്റിൽ നിന്നും അസൈലത്തിന്റെ മുറ്റത്തേക്ക് ഒരു നൂറുമീറ്റർ ദൂരമുണ്ട്. വഴിയുടെ ഇടതുവശത്തായി ഒരു വലിയ കുരിശും, അതിനോട് ചേർന്ന് ഒരു വലിയ ഓട്ടുമണിയും ഉണ്ട്. സമയം 12 - നോടടുക്കുന്നു. ഇടയ്ക്കിടയ്ക്കുള്ള മിന്നലിന്റെ വെളിച്ചത്തിൽ ആ ഭീകരമായ കെട്ടിടം കൂടുതൽ പേടിപ്പെടുത്തി. അകത്ത്, റാന്തലിന്റെ വെളിച്ചത്തിൽ എന്തോ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു വാർഡൻ. 60 വയസ്സ് പ്രായം വരും. പുരോഹിതനായിരുന്നു. വാർഡനാണ് അസൈലത്തിന്റെ അധികാരി. പണ്ട്, മാനസിക രോഗികളെ ചികിത്സിക്കാൻ വേണ്ടി കത്തോലിക്കാ സഭ നിർമ്മിച്ച സംവിധാനമാണ് അസൈലം. കാലക്രമേണ, ഇവിടം എക്‌സോർസിസത്തിന്റെ കേന്ദ്രമായി മാറി. മനോരോഗികളും, പ്രേതബാധയേറ്റവരും തമ്മിൽ സാമ്യമുള്ളതുകൊണ്ടും, ഒറ്റപ്പെട്ട സ്ഥലത്ത് സ്ഥിതിചെയ്യുന്നത് കൊണ്ടും ഇവിടം പതിയെ സഭയുടെ ഉച്ചാടന കർമ്മങ്ങളുടെ വേദിയായി മാറി. വാർഡന്റെ നിർദേശപ്രകാരം കർമ്മങ്ങൾ ചെയ്യുന്ന പുരോഹിതന്മാരും, ട്രെയിനിയായി എത്തുന്ന തിരഞ്ഞെടുക്കപ്പെട്ട കൊച്ചച്ചന്മാരും മാത്രമാണ് സാധാരണയായി ഉണ്ടാകുക. അഞ്ചാറ് വർഷമായി മനോരോഗികളെ ഒക്കെ ഒഴിപ്പിച്ചത് കൊണ്ടുതന്നെ, ഇപ്പോൾ അന്തേവാസികൾ ആരുമില്ല. ഫാദർ ഡേവിസ് ആണ് ഇപ്പോഴുള്ള ഉച്ചാടകൻ. സൈക്യാട്രിസ്റ്റും, വിദേശങ്ങളിൽ നിന്നും എക്സോർസിസത്തിൽ പരിശീലനം നേടിയിട്ടുള്ളയാളും ആയ ഡേവിസ് ചെറുപ്പമാണ്. ഒത്ത ഉയരവും, കരുത്തുറ്റ ശരീരവും. ഡേവിസ് പഴയ കസൾട്ടേഷൻ റൂമും, ഇപ്പോഴത്തെ അദ്ദേഹത്തിന്റെ ഓഫീസ് മുറിയുമായ ഹാളിൽ ഇരുന്ന് മയങ്ങുകയായിരുന്നു. മുറിയിൽ റാന്തൽ വിളക്ക് തൂങ്ങുന്നുണ്ട്. മഴയുടെ ഗർജനം കൂടുതൽ വന്യമായതുപോലെ തോന്നിയപ്പോൾ വാർഡൻ എഴുന്നേറ്റു. കയ്യിലിരുന്ന പുസ്തകം മടക്കിവച്ച ശേഷം നെരിപ്പോടിലേക്ക് ഒരു വിറകുകഷ്ണം കൂടി ഇട്ടുകൊടുത്തു. അവരെക്കൂടാതെ പുതിയതായി അസൈലത്തിലേക്ക് ട്രെയിനിങ്ങിനായി അയക്കപ്പെട്ട ഒരാൾ കൂടിയുണ്ട്. ജോസഫ്. മഴയുടെ തണുപ്പും ശബ്ദവും ആസ്വദിച്ചു, കരിമ്പടത്തിൽ മൂടിക്കിടക്കുകയാണ് ജോസഫ്. ഇടിയുടെ ശബ്ദം അയാളുടെ ഉറക്കം ഇടയ്ക്കിടയ്ക്ക് കെടുത്തുന്നുണ്ട്. പൊടുന്നനെ, മഴ പെട്ടെന്ന് ശമിച്ചതുപോലെ... പുറത്തുനിന്നും ശക്തമായ തണുത്ത കാറ്റ് ജാലകവാതിലുകളെ താണ്ടി, മുറിയിൽ പ്രവേശിച്ചു. മഴയുടെ ശബ്ദം നന്നേ കുറഞ്ഞിരിക്കുന്നു. പെട്ടെന്ന് പുറത്തുനിന്നും ആരോ മണിയടിക്കുന്ന ശബ്ദം. മുറ്റത്ത് പടുകൂറ്റൻ ഒരു ഓട്ടുമണിയുണ്ട്, സാധാരണ അത്യാവശ്യം വരുമ്പോൾ സന്ദർശകർ മുഴക്കുന്നതും, പണ്ട് ഒരുപാട് അന്തേവാസികൾ ഉള്ളപ്പോൾ അപായസൂചകമായി മുഴക്കുകയും ചെയ്യുന്നതായിരുന്നു ഈ മണി. അതാണ് ഇപ്പോൾ ആരോ ഭ്രാന്തമായി കൂട്ടമണിയടിക്കുന്നത്. വാർഡന്റെ കണ്ണുകൾ ഒന്ന് കുറുകി. അയാൾ റാന്തൽ കയ്യിലെടുത്തു, വാതിലിനുനേർക്കു നടന്നു. ഫാദർ ഡേവിസും,ജോസഫും ഇതിനോടകം ഉണർന്നിരുന്നു. ഒരു കയ്യിൽ റാന്തലുമായി, വാർഡൻ വാതിൽ തള്ളി ത്തുറന്നു. വീശിയടിക്കുന്ന വെള്ളത്തുള്ളികൾ അയാളുടെ കണ്ണുകളിലേക്ക് ചീറ്റി. മിന്നലിന്റെ വെളിച്ചത്തിൽ അയാൾ അതു കണ്ടു. മുറ്റത്തെ വലിയ കുരിശിനു പിന്നിൽ ഒരു മനുഷ്യരൂപം..! ആറടിയോളം ഉയരം. ശരീരം മുഴുവൻ കവർ ചെയ്യുന്ന തരം ഒരു കോട്ടു ധരിച്ചിട്ടുണ്ട്. അയാൾ വലിയ മണിയിൽ ബന്ധിച്ച കയർ പിടിച്ചു ഭ്രാന്തമായി മണിയടിച്ചുകൊണ്ടിരിക്കുന്നു. വാർഡൻ ഉറച്ചു വിളിച്ചു ചോദിച്ചു, “ ആരാണത്?” പെട്ടെന്ന് അയാൾക്ക് പിന്നിലുള്ള കുരിശിൽ ഒരു മിന്നൽ പതിച്ചു. കുരിശിന്റെ മേൽഭാഗം തെറിച്ചുപോയി. കുരിശിന്റെ രണ്ടു കൈകൾ ആ മഴയിലും കത്തി ജ്വലിച്ചുകൊണ്ടു നിന്നു.അയാൾ മെല്ലെ തിരിഞ്ഞു.ഇത്ര ദൂരെനിന്നും വാർഡൻ വ്യക്തമായി കണ്ടു, അവന്റെ കണ്ണുകളിലെ തീവ്രത. അയാൾ വീണ്ടും ചോദിച്ചു - “ആരാണ് നീ?”

End of sample

Read the whole book

Order on WhatsApp — ₹100
← Back to the book · full details